സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്കാന് തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. കിലിസ് പ്രവിശ്യയില്‍ റമദാന് പ്രഭാഷണത്തിനിടെയാണ് അദ്ദേഹം അഭയാര്‍ഥികളുടെ ഭാവിയില്‍ സുപ്രധാനമായേക്കാവുന്ന പ്രസ്താവന നടത്തിയത്.
നല്ലൊരു വാര്‍ത്ത പറയാന്‍ പോവുകയാണ് താന്‍ എന്ന മുഖവുരയോടെയാണ് ഉര്ദുഗാന് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. തുര്‍ക്കിയില്‍ ജീവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ഒരു അവസരം നല്‍കുകയാണ്. അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തുര്‍ക്കി പൗരത്വം നല്കാന് തയാറാണ്, ഉര്ദുഗാന് വ്യക്തമാക്കി.
പൗരത്വം നല്‍കുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തുമെന്നും ഉര്ദുഗാന് വ്യക്തമാക്കി. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ‘ഞങ്ങള്‍ നിങ്ങളെ സഹോദരീ സഹോദരന്മാരായാണ് കാണുന്നത്’ കിലിസിലെ ഒരുസംഘം സിറിയന്‍ അഭയാര്‍ഥികളോട് ഉര്ദുഗാന് പറഞ്ഞു. ഉര്‍ദുഗാന്റെ പ്രസ്താവനയെ ആവേശത്തോടെയാണ് അഭയാര്‍ഥികളും ലോകമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല