അലക്സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ മാര്‍ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും തിരുന്നാള്‍ 9ന് കൊടിയേറും ; പ്രധാന തിരുന്നാള്‍ ജൂലൈ 10ന് 2 മുതല്‍. സാല്‍ഫോര്‍ഡ് രൂപതാ സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പോസ്തലന് മാര്‍ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ ആദ്യ വിശുദ്ധ വി. അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുന്നാളിന് തുടക്കമായി. ജൂലൈ 1 വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു ഇടവകയുടെ 8 വാര്‍ഡുകളിലായി നടക്കുന്ന വി. അല്‍ഫോണ്‍സാമ്മയുടെ നൊവേനയും പ്രത്യേക പ്രാര്‍ത്ഥനകളും എട്ടാം തീയതി അവസാനിക്കും. ജൂലൈ 9 ശനിയാഴ്ച രാവിലെ കൊടിയേറ്റവും നൊവേനയും ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും ലോങ്ങ്സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തിലായിരിക്കും നടക്കുക.
മുഖ്യ തിരുന്നാള്‍ ദിനമായ ജൂലൈ 10ന് ഉച്ച കഴിഞ്ഞു 2 മണിക്ക് സെന്റ്. ജോസഫ് ദേവാലയത്തില്‍ കോതമംഗലം രൂപതയുടെ മുന്‍ മെത്രാന് മാര്‍. ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിനെയും മറ്റ് വൈദികരെയും മുത്തുക്കുടകളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ സ്വീകരിച്ചു പ്രദക്ഷിണമായി; ലളിതവും മനോഹരവുമായി പുഷ്പാലങ്കാരങ്ങളാല്‍ മോടി പിടിപ്പിച്ചിരിക്കുന്ന ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് ആനയിക്കുന്നതോടെ ആഘോഷമായ പാട്ട് കുര്‍ബാനയ്ക്കു തുടക്കമാകും. മാഞ്ചസ്റ്ററിന്റെ അനുഗ്രഹീത ഗായകന് റോയ് മാത്യു, നേതൃത്വം നല്കുന്ന ഗായക സംഘം ആഘോഷമായ പാട്ട് കുര്‍ബാനയ്ക്കു ഗാനങ്ങള്‍ ആലപിക്കും. ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും.
തിരുന്നാള്‍ കുര്‍ബാനയ്ക്കു ശേഷം കേരളീയ തനിമയില്‍ 100ല്‍ പരം കൊടികളുടെയും മുത്തുക്കുടകളുടെയും വെള്ളി പൊന്നിന് കുരിശുകളുടെയും അകമ്പടിയോടെ വി. മാര്‍ തോമാശ്ലീഹായുടെയും വി. അല്‍ഫോണ്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഭക്തി നിര്‍ഭരമായ പട്ടണ പ്രദക്ഷിണത്തില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. നാട്ടിലെ തിരുന്നാളുകളെ ഓര്‍മ്മിപ്പിക്കും വിധം സീറോ മലബാറിന്റെ പാരമ്പര്യവും തനിമയും നഷ്ടപെടാതെ ഭക്തി നിര്‍ഭരമായി തിരുന്നാള്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വാഴ്വും വി. കുര്‍ബ്ബാനയുടെ ആശിര്‍വാദവും ഉണ്ടായിരിക്കും. തിരുസ്വരൂപം ചുംബിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
ദേവാലയത്തിലെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം 6 മണിയോടെ ഇടവകയിലെ വിവിധ വാര്‍ഡുകളുടെയും യുവജനങ്ങളുടെ സംഘടനയായ SMYL ന്റെയും സംയുക്തമായ വിവിധ കലാപരിപാടികള്‍ക്ക് തുടക്കമാകും. കണ്ണിനും കാതിനും ഇമ്പമേകുന്ന വിവിധ കലാപരിപാടികളുടെ ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. പരിപാടികള്‍ക്കൊടുവില്‍ സ്വാദിഷ്ടമായ കേരളീയ വിഭവങ്ങള്‍ ഉള്‍പ്പടെയുള്ള സ്നേഹ വിരുന്ന് ഉണ്ടായിരിക്കും. ഇതോടെ ആഘോഷമായ തിരുന്നാളിന് തിരശീല വീഴും.
തിരുന്നാളിന് കഴുന്ന്, അടിമ തുടങ്ങി നേര്‍ച്ച കാഴ്ചകള്‍ക്കുള്ള അവസരം ഉണ്ടായിരിക്കും. തിരുന്നാളിന്റെ വിജയത്തിനായി ട്രസ്റ്റിമാരും വിവിധ കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.
കേരളീയ ആചാരാനുഷ്ഠാനങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും നമ്മുടെ തിരുന്നാളാഘോഷങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കുവാനും ഉള്ള ഈ വലിയ അവസരം നഷ്ടപ്പെടുത്താതെ ദൈവീകാനുഗ്രഹവും ആത്മ സംതൃപ്തിയും നിറഞ്ഞ മനസുമായി സ്വഭവനങ്ങളിലേക്ക് യാത്രയാകുവാന്‍ ഏവരെയും സാല്‍ഫോര്‍ഡ് രൂപതാ സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
വിലാസം:
st . Joseph Church
Portland Crescent
Manchester
Longsight
M130BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല