സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി മാച്ച് മേക്കര്‍ സുന്ദരി ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളെന്ന് റിപ്പോര്‍ട്ട്. ടൂബ ഗോണ്ടാല്‍ എന്ന 22 കാരിയാണ് ജിഹാദി മാച്ച് മേക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് ശേഷം ഉം മുത്താന അല്‍ ബ്രിട്ടാനിയാ എന്ന പേരു സ്വീകരിച്ച ടൂബ കെംസ്‌കോട്ട് സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു.
ടൂബ ഇപ്പോള്‍ ബ്രിട്ടീഷുകാരികളായ യുവതികളെ സിറിയയിലേക്കോ ഇറാഖിലേക്കോ ആകര്‍ഷിച്ച് വരുത്തി ഐസിസ് ഭീകരന്മാരുടെ വധുക്കളാകാന്‍ പ്രേരിപ്പിക്കുക എന്ന ജോലി സ്വയം ഏറ്റെടുത്തിരിക്കുകയാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം ഹാക്ക്‌നെസ് ബിസിക്‌സ് ഫോം കോളജിലാണ് ടൂബ ചേര്‍ന്നിരുന്നത്. തുടര്‍ന്ന് ഗോള്‍ഡ് സ്മിത്ത് കോളജിലെത്തിയ ടൂബ കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയതെന്നാണ് കരുതുന്നത്.
ടൂബ സ്‌കൂളില്‍ വച്ച് ഇടയ്ക്ക് പുകവലിക്കാറുണ്ടായിരുന്നുവെന്നും രഹസ്യമായി ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും സഹപാഠികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ടൂബ ബ്രിട്ടീഷ് മുസ്ലിം യുവതികളെ ജിഹാദി വധുക്കളാകാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം ബ്രിട്ടനെ കുറ്റപ്പെടുത്തുകയും പാരീസ് കൂട്ടക്കൊലയെ പ്രശംസിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം സമ്മറില്‍ ആത്മഹത്യാ ബോംബറുടെ വേഷമിട്ട് ടൂബ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ ഇവിടേക്ക് വന്നത് മരിക്കാനാണെന്നും ടൂബ ട്വീറ്റ് ചെയ്തിരുന്നു.
സിറിയയിലെ ജിഹാദിനെയും കൂട്ടക്കൊലകളെയും പുകഴ്ത്തിക്കൊണ്ടുള്ള ചിത്രങ്ങളും പോസ്റ്റുകളും ടൂബ സോഷ്യല്‍ മീഡിയകളില്‍ പതിവായി ഇടാറുണ്ടായിരുന്നു. ബ്രിട്ടനിലെ മുസ്ലീങ്ങളോട് അവിടം വിട്ട് സിറിയയിലേക്ക് വന്ന് ഇസ്ലാമിക് ഖിലാഫത്തിന് വേണ്ടി പോരാടാനും ടൂബ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ ഒരു ബ്രിട്ടീഷ് പെണ്‍കുട്ടിയെ സിറിയയിലേക്ക് വരാനും ഐസിസില്‍ ചേരാനും ടൂബ ശ്രമിച്ചിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല