സ്വന്തം ലേഖകന്‍: യുകിപ് നേതാവ് നിഗല്‍ ഫറാഷ് പാര്‍ട്ടി സ്ഥാനം രാജിവച്ചു, ബ്രെക്സിറ്റ് നേടിയതോടെ തന്റെ രാഷ്ട്രീയ ലക്ഷ്യം നേടിയതായി പ്രഖ്യാപനം. ബ്രിട്ടീഷ് ദേശീയവാദ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യുകിപ്) നേതാവും ബ്രെക്സിറ്റ് പ്രചാരണത്തിന്റെ കുന്തമുനയും ആയിരുന്ന നിഗല്‍ ഫറാഷ് ബ്രിക്സിറ്റ് ഫലം അനുകൂലമായ സാഹചര്യത്തിലാണ് രാജിവക്കുന്നത്.
യൂറോപ്യന്‍ യൂനിയനില്‍നിന്നും ബ്രിട്ടനെ പുറത്തത്തെിക്കാന്‍ കഴിഞ്ഞതോടെ തന്റെ രാഷ്ട്രീയ ലക്ഷ്യം നിറവേറിയതായി രാജി പ്രഖ്യാപിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ഫറാഷ് പറഞ്ഞു. ഹിതപരിശോധനയില്‍ തന്റെ രാജ്യത്തെ തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ തനിക്ക് തന്റെ ജീവിതം തിരിച്ചുപിടിക്കണം. ബ്രെക്സിറ്റിനൊപ്പം നില്‍ക്കുന്നയാളായിരിക്കണം അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി. സര്‍ക്കാറും ലേബര്‍ പാര്‍ട്ടിയും അപചയമാകുന്നതോടെ, യുകിപിന്റെ ഭാവിയും ശോഭനമാകും, രാജി പ്രഖ്യാപിച്ചുകൊണ്ട് ഫറാഷ് പറഞ്ഞു.
യുകിപിന്റെ അമരത്തുനിന്നും ഇത് മൂന്നാം തവണയാണ് നിഗല്‍ രാജിവെക്കുന്നത്. 2009 ലും 2015 ലുമാണ് ഇതിന് മുമ്പ് അദ്ദേഹം രാജിവെച്ചത്. ഇനിയൊരു തിരിച്ചുവരവ് അജണ്ടയിലില്ലെന്നും ബ്രിട്ടന് യൂനിയനില്‍നിന്നും പുറത്തുപോകുന്നതുവരെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ താന്‍ തുടരുമെന്നും 1999 മുതല്‍ ഈ പാര്‍ലമെന്റില്‍ അംഗമായ അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തു പോകുന്ന അവസാനത്തെ രാഷ്ട്രമായിരിക്കില്ല ബ്രിട്ടന് എന്ന് ഹിതപരിശോധന ഫലം പുറത്തുവന്നതിനു ശേഷം യൂറോപ്യന്‍ പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസ്താവന യൂറോപ്യന്‍ നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ബ്രെക്സിറ്റ് പ്രചാരണവേളയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല