സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി, 19 സഹമന്ത്രിമാര്‍ പുതുമുഖങ്ങള്‍. ഒപ്പം നിലവിലെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന അഞ്ചു പേരെ ഒഴിവാക്കുകയും ചെയ്തു. വനംപരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് കാബിനറ്റ് പദവിയും നല്‍കിയ അഴിച്ചുപണി യു.പി അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണെന്നാണ് സൂചന.
രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുതിയ സഹമന്ത്രിമാര്‍ക്കും കാബിനറ്റ് മന്ത്രിക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.ജെ.പിയിലെത്തിയ പ്രമുഖ പത്രപ്രവര്‍ത്തകന്‍ എം.ജെ. അക്ബര്‍, വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന വിജയ് ഗോയല്‍, ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് ബി.ജെ.പിയിലത്തെിയ എസ്.എസ്. അഹ്ലുവാലിയ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
ഭരണത്തിന് കൂടുതല്‍ ഊര്‍ജസ്വലത ഉണ്ടാക്കാനാണ് പുനഃസംഘടനയെന്ന് പ്രചാരണമുണ്ടായെങ്കിലും പരിചയസമ്പന്നതക്ക് വലിയ പ്രാധാന്യം ലഭിച്ചില്ല. വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് സമ്പാദിക്കാന്‍ ലക്ഷ്യമിട്ട് ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞക്കുപിന്നാലെ, അര്‍ഹമായ പരിഗണന കിട്ടാത്തതില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന രംഗത്തുവന്നു. സത്യപ്രതിജ്ഞ ചെയ്ത 19 ല്‍ രണ്ടു പേര്‍ മാത്രമാണ് സഖ്യകക്ഷി പ്രതിനിധികള്‍.
എന്‍.ഡി.എയിലെ നാമമാത്ര സഖ്യകക്ഷികളായ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അതാവലെ, അപ്നാദള്‍ എം.പി അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്കാണ് സഹമന്ത്രിസ്ഥാനം കിട്ടിയത്. മോദിയുടെ രണ്ടാമത്തെ മന്ത്രിസഭാ വികസനമാണിത്. സത്യപ്രതിജ്ഞ ചെയ്തവരില്‍ നാലുപേര്‍ രാജസ്ഥാനില്‍നിന്നാണ് എന്നതും ശ്രദ്ധേയമായി.
പുതുമുഖ മന്ത്രിമാര്‍: ഫഗന്‍സിങ് കുലസ്‌തെ, എസ്.എസ്. അഹ്ലുവാലിയ, എം.ജെ. അക്ബര്‍, രമേഷ് ജിഗാഞ്ചിനാഗി, വിജയ് ഗോയല്‍, രാജന്‍ ഗൊഹെയ്ന്‍, അനില്‍ മാധവ് ദവെ, പുരുഷോത്തം റുപാല, അര്‍ജുന്റാം മേഘ്വാള്‍, ജസ്വന്ത്‌സിങ് ഭാഭോര്‍, മഹേന്ദ്രനാഥ് പാണ്ഡെ, അജയ് താംത, കൃഷ്ണരാജ്, മന്‍സുഖ് മാണ്ഡ്വ്യ, സി.ആര്‍. ചൗധരി, പി.പി. ചൗധരി, സുഭാഷ് ഭംഭ്രെ, അനുപ്രിയ പട്ടേല്‍ (അപ്നാദള്‍), രാംദാസ് അതാവലെ (റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ).
പുറത്താക്കപ്പെട്ട മന്ത്രിമാര്‍: രാംശങ്കര്‍ കതേരിയ (മാനവശേഷി വികസനം), മോഹന്‍ഭായ് കുന്ദാരിയ (കൃഷി), മനൂക്ഷ്ഭായ് വാസവ (ആദിവാസിക്ഷേമം), നിഹാല്‍ചന്ദ് (പഞ്ചായത്തീരാജ്), സന്‍വാര്‍ ലാല്‍ജത് (ജലവിഭവം).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല