തന്റെ പ്രിയപ്പെട്ടവളുടെ വേര്‍പാടില്‍ വിഷമിച്ചിരിക്കുന്ന ഷാനുവിന് സന്മനസുള്ള മലയാളികള്‍ കൈത്താങ്ങാവുന്നു. ലിബിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി എന്‍ ആര് ഐ മലയാളി അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചാരണത്തിന് വന്‍ പ്രതികരണം.ആദ്യ ദിവസം തന്നെ 600 പൌണ്ടോളം അക്കൌണ്ടില്‍ ലഭിച്ചതായാണ് ഷാനുവിന്റെ സുഹൃത്തുക്കള്‍ ഞങ്ങളെ അറിയിച്ചത്.എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചതു സ്വന്തം നിലയില്‍ ഒരു തുക എന്‍ ആര് ഐ മലയാളി ഷാനുവിന്റെ അക്കൌണ്ടിലേക്ക് ഇന്നലെ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.യു കെയിലെ മലയാള മാധ്യമങ്ങളില്‍ ഇദം പ്രഥമമായി നടത്തിയ ഈ മാതൃകയെ അഭിനന്ദിച്ചു കൊണ്ട് അനവധിയാളുകള്‍ ടെലിഫോണ്‍ വഴിയും ഇമെയില്‍ വഴിയും ഞങ്ങളെ ബന്ധപ്പെട്ടിരുന്നു.
പലതുള്ളി പെരുവെള്ളം എന്ന വിശ്വാസത്തില്‍ ഈ യജ്ഞത്തില്‍ പങ്കാളികളാവാന്‍ പല മലയാളി സംഘടനകളും കൂട്ടായ്മകളും മുന്നോട്ടു വന്നു.മാനുഷിക മൂല്യങ്ങളെ മുറുകെ പിടിക്കുന്നതിലും സഹജീവികളോട് സഹാനുഭൂതി പുലര്‍ത്തുന്നതിലും എന്നും ഒരു പിടി മുന്നില്‍ നില്ക്കുന്ന നനീട്ടനിലെ കേരള ക്ലബ് നാനൂറോളം പൌണ്ടാണ് വീടുവീടാന്തരം കയറി ശേഖരിച്ചത്.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള ചിലവുകള്‍ ലിബി പഠിച്ചിരുന്ന കോളേജ് അധികൃതര്‍ നല്കിയെക്കുമെന്നും സൂചനയുണ്ട്.ഈ മാതൃക മറ്റു മലയാളി കൂട്ടായ്മകളും ഈ ദിവസങ്ങളില്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
അതിനിടെ ലിബിക്ക് ജനിച്ച ആണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഇന്നലെ ലഭിച്ചു.ലിബിയുടെ മരണ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചാലേ കുട്ടിക്ക് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ സാധിക്കൂ.കൊറോണറില്‍ നിന്നും ഇതു ലഭിക്കാന്‍ താമസം വരുമെന്നതിനാല്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് കുട്ടിയുടെ പാസ്പോര്‍ട്ട് കിട്ടുവാനുള്ള ശ്രമം ബന്ധുക്കള്‍ നടത്തുന്നുണ്ട്.ഇതിലേക്കായി നാളെ എംബസിയില്‍ അപ്പോയിന്റ്മെന്റ് ലഭിച്ചിട്ടുണ്ട്.നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ലിബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഭര്‍ത്താവ് ഷാനുവും സുഹൃത്തുക്കളും.
പ്രസവത്തെ തുടര്‍ന്ന് പനിയും ശ്വാസതടസ്സവും കൂടി ന്യുമോണിയ ബാധിച്ചു ചികില്‍സയിലിരിക്കെ മലയാളി എം ബി എ വിദ്യാര്‍ഥിനിയായ പെരുമ്പാവൂര്‍ സ്വദേശിനി ലിബി ഷാനു (27)ക്രോയിഡോണിലെ മേയ് ഡേ ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്. ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍വച്ച് സിസേറിയനിലൂടെ ലിബിയ്ക്ക് ആണ്‍കുട്ടി പിറന്നത്.തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത ലിബിയെ ശക്തമായ പനി ശക്തമായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഷാനുവിനെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് കൊണ്ട് സുഹൃത്തുക്കള്‍ നല്കിയ ഷാനുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
Bank : Barclays
Account Holder: Shanu Padikkathukudy
Sort Code- 20-92-63
Account Number- 73203530
ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍
വിഷമകാലത്ത് ഷാനുവിന് ഒരു കൈ സഹായം …ഇതാണ് യഥാര്‍ത്ഥ മാധ്യമ ധര്‍മമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു
പ്രസവത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്ന മലയാളി വിദ്യാര്‍ഥിനി ലണ്ടനില്‍ മരിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല