സ്വന്തം ലേഖകന്‍: ഇറാഖ് അധിനിവേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടോണി ബ്ലയര്‍, വില്ലനായത് ഇന്റലിജന്‍സ് വിവരങ്ങളെന്ന് വെളിപ്പെടുത്തല്‍. ഇറാഖിന്റെ കൂട്ട നശീകരണായുധങ്ങള്‍ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കുറച്ചുകൂടി സൂക്ഷ്മത പാലിക്കേണ്ടിയിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ സൈനിക നീക്കത്തെ അപലപിക്കാന്‍ തയാറായില്ല. ബി.ബി.സി റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി.
താങ്കള്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇറാഖില്‍ നഷ്ടപ്പെട്ട ജീവനുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ദുഃഖമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. എന്നാല്‍, സൈനിക നീക്കം തെറ്റായിരുന്നുവെന്ന് ഇപ്പോഴും കരുതുന്നില്ല. സദ്ദാം ഹുസൈന്‍ ഇല്ലാത്ത നല്ലൊരു ലോകം മുന്നില്‍ കണ്ടാണ് ഇറാഖിലേക്ക് സൈന്യത്തെ അയച്ചത്.
ഇറാഖില്‍ സംഭവിച്ച പലകാര്യങ്ങളിലും ദുഃഖമുണ്ടെങ്കിലും ആത്യന്തികമായി അതിനു പിന്നിലെല്ലാം നല്ല ഉദ്ദേശ്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖ് അധിനിവേശം രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കുമെന്ന് ബ്ലെയറിന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, അതെല്ലാം അദ്ദേഹം തള്ളിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനെയും ബ്ലെയര്‍ ന്യായീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വളരെ പരിമിതമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനമോ ആയുധങ്ങളോ നല്‍കാതെയാണ് സൈന്യത്തെ അയച്ചതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശവും അദ്ദേഹം നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല