സ്വന്തം ലേഖകന്‍: വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം, യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി വ്യോമയാന മന്ത്രാലയം. ഇത്തരം സാഹചര്യങ്ങളില്‍ സൗദി വിമാനക്കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് സൗദി വ്യോമയാന മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് 11 മുതല്‍ നടപ്പാക്കും. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പേ യാത്രക്കാരെ അറിയിച്ചിരിക്കണം എന്നതാണ് പ്രധാന നിര്‍ദേശം.
വിമാനം വൈകുന്നതും ലഗേജുകള്‍ നഷ്ടപ്പെടുന്നതും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് നടപടി. നിലവിലെ നിര്‍ദേശങ്ങള്‍ പ്രകാരം വിമാനക്കമ്പനിയുടെ പിഴവുമൂലം വിമാനം ആറു മണിക്കൂറിലേറെ വൈകിയാല്‍ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പാടാകും വരെ എല്ലാ യാത്രക്കാര്‍ക്കും താമസ സൗകര്യം നല്‍കണം.
കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കുടിയ്ക്കാന്‍ ശീതള പാനീയവും മൂന്ന് മണിക്കൂറിലധികം ഈ കാത്തിരിപ്പ് നീണ്ടാല്‍ ഭക്ഷണവും നല്‍കണം. ഓരോ യാത്രക്കാരനും 370 റിയാല്‍ (ഏകദേശം 6,500) നല്‍കുകയും വേണം.
ലഗേജ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരും. ആഭ്യന്തര യാത്രക്കാരനാണെങ്കില്‍ 1.700 റിയാലും (30,000 രൂപ), രാജ്യാന്തര യാത്രക്കാരനെങ്കില്‍ 2,800 റിയാലും (ഏകദേശം 106 000 രൂപ) വരെയും നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. വികലാംഗര്‍ക്ക് നിശ്ചയിച്ച സേവനങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ടിക്കറ്റ് നിരക്കിന്റെ ഇരട്ടി പിഴയൊടുക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല