സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയില്‍, സുപ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവക്കും. അഞ്ചു ദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മൊസാംബിക് തലസ്ഥാനമായ മാപുടോയിലെത്തിയത്. യുവജനക്ഷേമം, മയക്കുമരുന്നുകളുടെ നിയന്ത്രണം എന്നിങ്ങനെ രണ്ടു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി മോദിയുടെയും മൊസാംബിക് പ്രസിഡന്റ് ഫിലിപി ന്യൂസിയുടെയും സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പിട്ടത്.
മൊസാംബിക്കിലെ പൊതുജനാരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനു ഒട്ടേറെ സഹായങ്ങള്‍ മൊസാംബിക്കിനു മോദി വാഗ്ദാനം ചെയ്തു. എയ്ഡ്‌സ് പ്രതിരോധ മരുന്ന് ഉള്‍പ്പെടെയാണിത്. പയറു വര്‍ഗങ്ങളുടെ വിലക്കയറ്റം തടയാനും വിപണിയില്‍ മതിയായ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി മൊസാംബിക്കില്‍ നിന്ന് ഇന്ത്യ പയറുവര്‍ഗങ്ങള്‍ വാങ്ങാനും ധാരനണയായി.
ലോകം ഇന്നഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി ഭീകരതയാണെന്നു തുടര്‍ന്നു നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു. ഇന്ത്യക്കും മൊസാംബിക്കിനും ഇത് ഒരുപോലെ ബോധ്യമാണ്. ഇന്ത്യന്‍ മഹാസമുദ്രത്താല്‍ ബന്ധിതമാണ് ഇന്ത്യയും മൊസാംബിക്കും എന്നതിനാല്‍ വലിയ വ്യാപാര സാധ്യതയാണു നിലനില്‍ക്കുന്നത്. പ്രതിരോധസുരക്ഷാമേഖലകളില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മൊസാംബിക് പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായും മോദി അറിയിച്ചു.
35 വര്‍ഷത്തിനിടെ മൊസാംബിക്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നതതല വ്യാപാരവ്യവസായ പ്രതിനിധികളും മോദിയെ അനുഗമിക്കുന്നുണ്ട്. മൊസാംബിക്കിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി പിന്തുണനല്‍കിയ രാജ്യമാണ് ഇന്ത്യയെന്നത് മോദി അനുസ്മരിച്ചു.
മൊസാംബിക്കില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തുന്ന പ്രധാനമന്ത്രി ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല