സ്വന്തം ലേഖകന്‍: സെന്‍സര്‍ കടമ്പ കടന്നു, മലയാളത്തിലെ ആദ്യ നഗ്നചിത്രം എന്ന വിശേഷണവുമായി ചായം പൂശിയ വീട് തിയറ്ററിലേക്ക്. വിവാദങ്ങള്‍ക്കൊടുവില്‍ എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഐ എഫ് എഫ് കെയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, നായികയെ പൂര്‍ണ്ണ നഗ്നയായി കാണിച്ചിരിക്കുന്ന ചില സീനുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനം സംവിധായകരെ വെട്ടിലാക്കി.
ചിത്രത്തില്‍ നിന്നും ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന നിലപാടില്‍ സംവിധായകരും ഉറച്ചു നിന്നു. ഒടുവില്‍ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനു ശേഷമാണ് ചിത്രം അഡല്‍റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റൊടെ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.
അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ ആണ് സിനിമയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. സിബിഎഫ്സി എന്നത് സെന്‍സറിങ് സമിതിയല്ലെന്നും കേന്ദ്ര വിവര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള സര്ട്ടിഫിക്കേഷന് സമിതിയാണെന്നും സെബാസ്റ്റ്യന്‍ പോള്‍ വാദിച്ചിരുന്നു. കലാധരനും ബോളിവുഡ് നടി നേഹ മഹാജനുമാണ് ചായം പൂശിയ വീടില് പ്രധാന വേഷമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല