1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2016

സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക്കിന്റെ ടിവി ചാനല്‍ പീസ് ടിവിക്ക് ഇന്ത്യയില്‍ നിരോധനം. കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്.

നായിക്കിന്റെ പ്രസംഗങ്ങളുടെ ചാനല്‍, ഓണ്‍ലൈന്‍ വീഡിയോകളും സിഡികളും പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ധാക്കയിലെ ഭീകരാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. പീസ് ടിവിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ചില കേബിള്‍ ഓപ്പറേറ്ററമാര്‍ ഇത് സംപ്രേക്ഷണം ചെയ്യുന്നതായി സൂചനയുണ്ട്.

പീസ് ടിവിയും പാക്കിസ്ഥാനില്‍നിന്നുള്ള 11 ചാനലുകളുമടക്കം 24 നിരോധിത ചാനലുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചിരിക്കുന്നത്. ചില ചാനലുകള്‍ യൂട്യൂബിലും ലഭിക്കുന്നുണ്ട്. ഇതു നീക്കം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ധാക്കയിലെ ആക്രമണകാരികളെ സക്കീര്‍ നായിക്കിന്റെ പ്രസംഗം സ്വാധീനിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാരാണ് ഇന്ത്യയെ അറിയിച്ചത്. ധാക്ക ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കരങ്ങളുണ്ടെന്ന അഭ്യൂഹം ശക്തമാകുന്നതിനിടിയിലാണ് പുതിയ സംഭവവികാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.