കവന്റ്രി: കര്‍ക്കിടകം ഒരിക്കല്‍ കൂടി വിരുന്നു എത്തുമ്പോള്‍ പരമ്പരാഗത മലയാളി ജീവിതത്തിലേക്ക് ഒരെത്തി നോട്ടവും ആയി കവന്‍ട്രി ഹിന്ദു സമാജം . കലി തുള്ളി പെയ്യുന്ന മഴയില്‍ സാംക്രമിക രോഗങ്ങള്‍ അടക്കം പടര്‍ന്നു പിടിക്കുന്ന കര്‍ക്കിടകത്തില്‍ ശരീരത്തിന് ഉണര്‍വും ഓജസ്സും പ്രദാനം ചെയ്യുന്ന ഔഷധ സേവ നിര്‍ബന്ധം ആയിരുന്ന പ്രാചീന നാളുകള്‍ പുതു തലമുറയ്ക്ക് അനുഭവ യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ക്കിടക കഞ്ഞി തയ്യാറാക്കുന്നത് . മനസും ശരീരവും ശുദ്ധമായ അവസ്ഥയില്‍ ഈ ഔഷധം ഏറെ പ്രയോജനം ചെയ്യുന്നതാണ് . നിരവധി മരുന്നു കൂട്ടുകള്‍ ചേര്‍ത്തു കേരളത്തിലെ പ്രമുഖ ഔഷധ ചികിത്സ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് കഞ്ഞി തയ്യാറാക്കുന്നത് . കരിജീരകം , ഞവര അരി , ഉലുവ , ആശാളി , ചെറുപയര്‍ , ചുക്ക് , ജാതിപത്രി , വിഴാലരി , മല്ലി , പെരുംജീരകം , ഏലക്ക , ഇലവര്ഗം , മഞ്ഞള്‍ , കടുകപാലയരി , കറുക , ഉഴിഞ്ഞ , പൂവാംകുരുന്നില്ല , വരക് , തിന , തിപ്പലി , കുരുമുളക് , കാര്‍കോലരി , ജാതിക്ക , മയാക്കു , കാട്ടുമുളകിന് വേര് , കുറുത്തൊട്ടി , തഴുതാമ വേര് എന്നിവ ചേര്‍ത്തു തേങ്ങാപ്പാലില്‍ ആണ് കഞ്ഞി തയ്യാറാക്കുന്നത് . ഏകദേശം 60 ഓളം പേര്‍ക്കുള്ള കഞ്ഞിയാണ് തയ്യാറാക്കുന്നത് . ഈ ദിവസങ്ങളില്‍ പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് മരുന്നു കഞ്ഞി ഏറെ പ്രയോജനപ്പെടും . കര്‍ക്കിടകം പിറക്കാന്‍ അഞ്ചു നാള് അവശേഷിക്കെ , രാമായണ സന്ധ്യക്ക് തുടക്കം കുറിച്ചാണ് കവന്‍ട്രി ഹിന്ദു സമാജം രാമായണ മാസ ആചാരണത്തിനു ആരംഭം ഇടുന്നതു .
എല്ലാ മാസവും പതിവുള്ള സത് സംഘത്തിന്റെ ഭാഗം ആയാണ് ഞായറാഴ്ച (10/07/16) രാമായണ മാസ ആചരണം നടത്തുന്നത് . പുരാണ കഥകളിലൂടെ ഹിന്ദുത്വത്തിന്റെ നന്മകള് കുട്ടികളില്‍ എത്തിക്കുന്ന നൂതനമായ മറ്റൊരു ആശയവും സമാജം ഏറ്റെടുത്തിട്ടുണ്ട് . കുട്ടികളില്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ അനായാസം എത്തിക്കുന്നതിന് വരയും വര്‍ണവും സഹായിക്കും എന്ന ചിന്തയില്‍ ഈ മാസം മുതല്‍ പെയിന്റിങ് മത്സരം നടത്തുവാന്‍ സംഘാടകര്‍ പദ്ധതി തയ്യാറാക്കി . ഇതിന്റെ ആദ്യ പടിയായി ഈ മാസം ശ്രീകൃഷ്ണനെ വരച്ചു നിറം കൊടുക്കല്‍ മത്സരം നടത്തി കുട്ടികളില്‍ കൃഷ്ണ ചരിതം കൂടുതല്‍ ഹൃദ്യസ്ഥമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മത്സരത്തിന്റെ കോ ഓഡിനേറ്റര്‍ ദിവ്യ സുഭാഷ് നായര്‍ അറിയിച്ചു . എല്ലാ കുട്ടികളും വീട്ടില്‍ ഇരുന്നു മാതാപിതാക്കളുടെ സഹായത്തോടെ ചിത്രം വരച്ചു പെയിന്റ് ചെയ്തു മത്സര ദിവസം പ്രദര്‍ശിപ്പിച്ചു കൂടുതല്‍ മികച്ചു ഏതെന്നു കാണികള്‍ തിരഞ്ഞെടുക്കുന്ന രീതിയിലാണ് മത്സര ഘടന തയാറാക്കിയിരിക്കുന്നത് .
പ്രാര്‍ത്ഥനയുടെയും രാമ കഥാ സാഗരത്തിലൂടെയും സഞ്ചരിക്കുമ്പോള്‍ മനസും ശരീരവും ഒന്നു പോലെ കൂടുതല്‍ ബലവത്താകുന്നു എന്നതും രാമ നമഃ സന്ധ്യ ആചരിക്കുന്നതിലൂടെ സാധിക്കും എന്നു ഹിന്ദു സമാജം സംഘാടകര്‍ കരുതുന്നു . യു കെ യിലെ ഈ വര്‍ഷത്തെ ആദ്യ രാമായണ സന്ധ്യ പിറക്കുന്നത് കവന്‍ട്രിയില്‍ ആണെന്നതും പ്രത്യേകതയാണ് . ഈ മാസം മുഴുവന്‍ സമാജം അംഗങ്ങളുടെ വീടുകളില്‍ രാമ നാമം മുഴങ്ങുന്നതിന്റെ മുന്നോടി ആയിട്ടാണ് ഈ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത് . നാളെ വൈകിട്ടു 4 മുതല്‍ 7 വരെയാണ് ചടങ്ങുകള്‍ നടത്തുന്നത് . രാമ നമഃ സദ്യയില്‍ ഇത്തവണ ഒട്ടേറെ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ചടങ്ങുകള്‍ കൃത്യ സമയത്തു തന്നെ തുടങ്ങുവാന്‍ ഉള്ള ഒരുക്കങ്ങളും ക്രമീകരിച്ചിട്ടുണ്ട് എന്നു സംഘാടകര്‍ അറിയിച്ചു .
കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു . ഈ മാസത്തെ സത് സംഘത്തില്‍ സൂര്യശ്രീ , ഈശ്വര്‍ എന്നിവരുടെ പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട് .
അടുത്ത ഭജന്‍ സത്സംഗം ഞായറാഴ്ച കവന്റ്രിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07578780765
അഡ്രസ്: 140, woodway lane , കവന്റ്രി , cv 2 2 ej
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല