സ്വന്തം ലേഖകന്‍: മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിലെത്തിക്കുന്നത് തൃക്കരിപ്പൂര്‍ സ്വദേശിയെന്ന് സൂചന, കാണാതായവര്‍ സിറിയയിലും അഫ്ഗാനിലുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. കേരളത്തില്‍ നിന്നും മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ക്കുന്നത് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദ് ആണെന്നും ഖുര്‍ആന്‍ ക്ലാസ്സുകളെന്ന പേരില്‍ ഇയാള്‍ അതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നതായും കാണാതായ ഇജാസിന്റെ ബന്ധു മുജീബ് ആരോപിച്ചു.
ബങ്കളുരുവില്‍ നിന്നും എന്‍ജിനീയറിങ് ബിരുദം നേടിയ അബ്ദുള്‍ റഷീദ് മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുളള കോഴിക്കോട് പീസ് സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു. ഇപ്പേള്‍ കാണാതായ ചിലര്‍ക്ക് ഇയാള്‍ നേരത്തെ ഈ ഗ്രൂപ്പില്‍ ജോലി നല്‍കിയിരുന്നു. റഷീദിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയവര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിയെന്ന് കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നീ ഏജന്‍സികളാണ് സംസ്ഥാന ഇന്റലിജന്‍സിനെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.വിവിധ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.
ഓണ്‍ലൈന്‍ വഴിയാണ് ഐ.എസ് ബന്ധങ്ങള്‍ ഉണ്ടാക്കുന്നത് എന്നതുകൊണ്ട് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളും സാമൂഹ്യ മാധ്യമങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. നേരത്തെ ഇന്ത്യയില്‍ നിന്നും ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐ.എസിനെതിരെ വിവിധ മുസ്ലീം സംഘടനകളെ ഉപയോഗിച്ച് ബോധവത്കരണ പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ സംഘടനകളും ഇതിന്റെ ഭാഗമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല