സ്വന്തം ലേഖകന്‍: കശ്മീര്‍ കലാപം, മരണം 21 ആയി, ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹന്‍ വാനിയുടെ കൊലപാതകത്തെ അപലപിച്ച് പാകിസ്താന്‍. ബര്‍ഹനെയും മറ്റ് നിരപരാധികളെയും ഇന്ത്യ വധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് പാകിസ്താന്‍ ആരോപിച്ചു. കശ്മീരികളുടെ സ്വയം നിര്‍ണയാവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കശ്മീര്‍ നേതാക്കളെ ജയിലിടക്കുന്നതിനെതിരെയും പാകിസ്താന്‍ വിമര്‍ശനം ഉന്നയിച്ചു. യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ കാര്യങ്ങളെ കാണണം. യു.എന്നിന്റെ മേല്‍നോട്ടത്തില്‍ കശ്മീരില്‍ ജനഹിത പരിശോധന ആവശ്യമാണെന്നും പാക് അധികൃതര്‍ പറഞ്ഞു.
അതേസമയം ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഞായറാഴ്ച മാത്രം താഴ്വരയില്‍ കൊല്ലപ്പെട്ടത് ആറുപേരാണ്.
ക്രമസമാധാന പ്രശ്‌നം പരിഗണിച്ച് താഴ്വരയില്‍ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്.
15 പേര്‍ സുരക്ഷാസേനയുടെ വെടിയേറ്റും മറ്റുള്ളവര്‍ സംഘര്‍ഷത്തിനിടെ ഉണ്ടായ അപകടത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അനന്ത്‌നാഗ് ഭാഗത്ത് പ്രക്ഷോഭകര്‍ക്കിടയില്‍പെട്ട പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വാഹനമടക്കം ജനക്കൂട്ടം ഝലം നദിയിലേക്ക് മറിച്ചിടുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് ബര്‍ഹന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഹിസ്ബുളില്‍ പ്രധാനിയായിരുന്ന ഇയാള്‍ക്കൊപ്പം മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ചയും ബന്ദിന് വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിഘടനവാദി നേതാക്കളായ അലിഷാ ഗീലാനിയും മിര്‍വായിസ് ഉമര്‍ ഫാറൂഖും വീട്ടുതടങ്കലിലും യാസീന്‍ മാലിക് കരുതല്‍ തടങ്കലിലുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല