സ്വന്തം ലേഖകന്‍: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം വീണ്ടും തുടങ്ങാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എട്ടുവര്‍ഷം മുമ്പ് നിര്‍ത്തിവെച്ച നാഷനല്‍ ഹെറാള്‍ഡിന്റെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാവുമെന്ന് പാര്‍ട്ടി ട്രഷററും പത്രത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ മോത്തിലാല്‍ വോറ പറഞ്ഞു. ജനുവരിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എഡിറ്ററുടെ പേരും അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. ഉര്‍ദു, ഹിന്ദി പതിപ്പുകളായ ഖൗമി ആവാസും നവജീവനും പ്രസിദ്ധീകരണം പുനരാരംഭിക്കാനും തീരുമാനമായി. പത്രത്തിന്റെ ആസ്തികള്‍ രാഹുല്‍ ഗാന്ധി ചുമതല നിര്‍വഹിക്കുന്ന യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി നല്‍കാനും പ്രസിദ്ധീകരണം പുനരാരംഭിക്കുന്നതുവഴി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് 1938 ല്‍ തുടങ്ങിയതാണ് നാഷണല്‍ ഹെറാള്‍ഡ്. 2008 ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരണം നിര്‍ത്തിവെച്ച പത്രത്തിന്റെ ആസ്തിയും 90 കോടി രൂപയുടെ ബാധ്യതകളും യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തത് വന്‍ വിവാദമായിരുന്നു. സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള 5000 കോടി രൂപയുടെ ആസ്തികള്‍ ഗാന്ധി കുടുംബത്തിന്റെ പേരിലാക്കാനാണ് കമ്പനി കൈമാറ്റം നടത്തിയതെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി ഡല്‍ഹി ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല