1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2016

സ്വന്തം ലേഖകന്‍: ടാന്‍സാനിയക്ക് കൈകൊടുത്ത് ഇന്ത്യ, അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ ജോസഫ് മഗുഫുലിയുമായി ചേര്‍ന്ന് അഞ്ചു കരാറുകളില്‍ ഒപ്പുവച്ചത്.

ടാന്‍സാനിയയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ജലവിതരണശൃംഖലയുടെ നവീകരണത്തിനുമായി 617 കോടി രൂപയുടെ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക പങ്കാളിയായ ടാന്‍സാനിയയുമായുള്ള വാര്‍ഷിക വ്യാപാരം 300 കോടി രൂപയുടേതാണ്. ആഫ്രിക്കയിലെ അഞ്ചു രാഷ്ട്രങ്ങളാണു മോദി സന്ദര്‍ശിക്കുന്നത്.

ഇന്ത്യയുമായി പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായതായി ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ ജോസഫ് മഗുഫുലി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സന്‍സിബാറില്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ നിര്‍മിക്കാനും ജലവിഭവ വികസനത്തിനും ധാരണയായി.

പൊതുജനാരോഗ്യമേഖലയിലെ വികസനത്തിനായി മരുന്നുകളും വൈദ്യസഹായവും വാഗ്ദാനം ചെയ്തു. ബുഗാണ്ടോ മെഡിക്കല്‍ സെന്ററില്‍ കാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി റേഡിയോ തെറാപ്പി മെഷീന്‍ സ്ഥാപിക്കും. ഭക്ഷ്യ, കാര്‍ഷികമേഖലകളിലെ ധാരണപ്രകാരം ടാന്‍സാനിയയില്‍നിന്നു പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍തീരുമാനിച്ചതായി വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഇതിനിടെ, ടാന്‍സാനിയന്‍ പ്രസിഡന്റുമായി ഡ്രം വായിച്ച് രസിക്കാനും മോദി സമയം കണ്ടെത്തി. സ്റ്റേറ്റ് ഹൗസില്‍ മോദിക്കു സ്വീകരണമൊരുക്കിയ ചടങ്ങിലാണ് ഇരുവരും ഒരു മിനിറ്റ് ഡ്രം വായിച്ചത്. മോദിയുടെ ആഗ്രഹപ്രകാരം പ്രസിഡന്റ് ഒപ്പം കൂടുകയായിരുന്നു. ഇരുനേതാക്കളുടേയും ഡ്രം വാദനം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.