സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍, അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്. സംസ്ഥാനത്ത് നിന്ന് ഇതുവരെ 21 പേരെ കാണാതായതായി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് നിന്ന് കാണാതായ 11 പേര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ കേരള പോലീസ് തീരുമാനിച്ചു.
കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നതിന് മുന്നോടിയായാണ് ഈ നടപടി. ഇതില്‍ അഞ്ച് പേര്‍ക്ക് ഐ.എസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. കാണാതായവരില്‍ രണ്ട് പേര് കഴിഞ്ഞ മാസം 24ന് ബംഗളുരുവില്‍ നിന്ന് കുവൈറ്റിലേക്ക് പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
കാണാതായവരെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സുനില്‍ ബേബിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് അന്വേഷിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും തീവ്ര ചിന്താഗതിക്കാരുണ്ടോയെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതിനിടെ കാണാതായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ്. അവസാന വര്‍ഷ വിദ്യാര്‍ഥിയെ കാമുകനൊപ്പം പോലീസ് പിടികൂടി. മട്ടാഞ്ചേരി സ്വദേശി അഞ്ജലിയെയാണ് പോലീസ് പിടികൂടിയത്. മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതി അന്വേഷിക്കവേയാണ് ഇരുവരെയും മട്ടാഞ്ചേരിയിലെ കാമുകന്റെ വീട്ടില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകന് മട്ടാഞ്ചേരിയില്‍ ചെരുപ്പ് കടയില്‍ ജോലിചെയ്യുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ കാമുകനൊപ്പം പോന്നതെന്ന് യുവതി പോലീസിന് മൊഴി നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല