സ്വന്തം ലേഖകന്‍: കശ്മീര്‍ സംഘര്‍ഷം തുടരുന്നു, താഴ്വരയിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനം. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്ക് കുറവില്ലാത്ത സാഹചര്യത്തിലാണ് കശ്മീരിലേക്ക് കൂടുതല്‍ സേനയെ നിയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പതു പേര്‍കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 30 ആയി.
പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 300 കടന്നു. തിങ്കളാഴ്ചയും താഴ്വരയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും ഏറ്റുമുട്ടി. സോപോറിലെ പൊലീസ് സ്റ്റേഷനും പുല്‍വാമയിലെ വ്യോമസേനയുടെ വിമാനത്താവളത്തിനും നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുകയാണ്.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 800 സി.ആര്‍.പി.എഫ് ഭടന്മാരെ കൂടുതലായി കശ്മീരിലേക്കയച്ചു. നേരത്തേ സംസ്ഥാന പൊലീസിനെ സഹായിക്കാന്‍ 1200 ഭടന്മാരെ നല്‍കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ രണ്ടു തവണ ഉന്നതതല യോഗം ചേര്‍ന്നു.
കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആരോപിച്ചു. അതേസമയം കശ്മീര്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച പാകിസ്താന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല