സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന് സങ്കട് മോചന്. സുഡാനില്‍ നിന്ന് നാട്ടിലേക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചെത്തിക്കുന്നതിനായി ഓപ്പറേഷന് സങ്കട് മോചന് എന്ന പേരില്‍ വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തനം ആരംഭിച്ചു.
600 ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗാണ് ഓപ്പറേഷനു നേതൃത്വം നല്‍കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. സുഡാനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതു സംബന്ധിച്ച് സുഷമ സ്വരാജ് സഹമന്ത്രിമാരായ വി.കെ.സിംഗ്, എം.ജെ.അക്ബര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സുഡാന് തലസ്ഥാനമായ ജുബയില്‍ 450 പേരും മറ്റു സ്ഥലങ്ങളിലായി 150 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. സുഡാനില്‍ കഴിഞ്ഞ നാലു ദിവസങ്ങളായി വിമതരും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. ചര്‍ച്ചയെ തുടര്‍ന്ന് 24 മണിക്കൂര്‍ നേരത്തേക്ക് ഇരുകൂട്ടരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല