സ്വന്തം ലേഖകന്‍: കശ്മീര്‍ സംഘര്‍ഷം, തകരുന്നത് യുവതീയുവാക്കളുടെ വിവാഹ സ്വപ്നങ്ങള്‍. കശ്മീരില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹങ്ങള്‍ മാറ്റിവെച്ചതായി അറിയിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ കൊണ്ട് ദിനപത്രങ്ങളുടെ പേജുകള്‍ നിറയുകയാണ്. സംഘര്‍ഷം കനക്കുന്നതോടെ ഓരോ ദിവസവും പുറത്തിറങ്ങുന്ന പത്രങ്ങളില്‍ ഇത്തരം പരസ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്.
ശ്രീനഗറിലാണ് ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇതിനിടെയിലും ചിലരൊക്കെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹിതരാകുന്നുമുണ്ട്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.
മുന്‍പ് 2010 ല്‍ സംഘര്‍ഷം ഉണ്ടായപ്പോഴും 2014 ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും കശ്മീരിലെ പത്രങ്ങളില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താഴ്വര വീണ്ടും വെടിയൊച്ചകളാല്‍ നിറഞ്ഞതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല