1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2016

അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡ് രൂപതാ സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിരുദ്ധ വി.അല്‍ഫോന്‍സയുടെയും തിരുനാളാഘോഷം ഏററവും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ നിറഞ്ഞ് സമുചിതം ആഘോഷിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോതമംഗലം രൂപതയുടെ മുന്‍ പിതാവ് അഭിവന്ദ്യ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെയും മറ്റ് വൈദിക ശ്രേഷ്ടരെയും, സീറോ മലബാര്‍ സെന്ററില്‍ നിന്നും സ്വീകരിച്ച് പ്രദക്ഷിണമായി അള്‍ത്താര ബാലന്‍മാരും, പ്രസുദേന്തിമാരും, മറ്റ് ഇടവക ജനങ്ങളും മുത്തുക്കുടകളേന്തി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയും ദേവാലയ അള്‍ത്താരയിലേക്ക് ആനയിച്ചതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബ്ബാനക്ക് തുടക്കമായി. സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ ബഹുമാനപ്പെട്ട പിതാവിനെയും മറ്റ് വൈദികരെയും ഇടവക സമൂഹത്തെയും സ്വാഗതം ചെയ്തു.

തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബ്ബാനക്ക് മാര്‍. ജോര്‍ജ്ജ് പുന്നക്കോട്ടിലില്‍ പിതാവിനൊപ്പം ഫാ.തോമസ് തൈക്കൂട്ടത്തില്‍, ഫാ.ജോര്‍ജ് ചീരാംകുഴിയില്‍, ഫാ. പ്രിന്‍സ് തുമ്പിയാംകുഴിയില്‍, ഫാ.ഇയാന്‍ ഫാരന്‍, ഡീക്കന്‍.ജോബോയ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലി മദ്ധ്യേ നല്കിയ സന്ദേശത്തില്‍ സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാ എന്നതില്‍ നിന്നും വിത്യസ്തമായി ദുഃഖത്തിലും പ്രതിസന്ധിയിലും ദൈവപരിപാലനയിലാ ശ്രയിച്ച് മുന്നോട്ട് പോവുകയെന്നതാണ് ക്രിസ്തീയ ജീവിതമെന്ന് പിതാവ് ഉദ്‌ബോധിപ്പിച്ചു. ലോകത്തിന്റെ ഏത് കോണിലേക്ക് നമ്മള്‍ കുടിയേറിയാലും, നമ്മുടെ വിശ്വാസവും, പാരമ്പര്യവും, കാത്ത് സംരക്ഷിക്കുവാനും അത് ഭാവിതലമുറക്ക് പകര്‍ന്ന് കൊടുക്കുവാനും നമുക്ക് കടമയുണ്ടെന്ന് പിതാവ് ഓര്‍മിപ്പിച്ചു. മാഞ്ചസ്റ്ററിന്റെ പ്രിയ ഗായകന്‍ റോയ് മാത്യുവിന്റെയും, ഹര്‍ഷ ഹാന്‍സിന്റെയും നേതൃത്വത്തിലുള്ള ഗായക സംഘം ശ്രുതിമധുരമായി ഗാനങ്ങളാലപിച്ച് ദിവ്യബലി കൂടുതല്‍ ഭകതിസാന്ദ്രമാക്കി.

ദിവ്യബലിക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണത്തിന് തുടക്കമായി.നൂറ് കണക്കിന് കൊടികളേന്തി ബാലികാ ബാലന്‍മാരും,പൊന്നിന്‍ വെള്ളി കുരിശും, മുത്തുക്കുടകളും ഏന്തി മുതിര്‍ന്നവരും, മേളപ്പെരുമ പകരാന്‍ മാഞ്ചസ്റ്റര്‍ മേളവും … ഇവയുടെയെല്ലാം അകമ്പടിയോടെ മാര്‍തോമാശ്ലീഹായുടെയും വി.അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങളും വഹിച്ച് കൊണ്ട് മാഞ്ചസ്റ്ററിന്റെ ഹൃദയഭാഗത്ത് കൂടി നടന്ന പ്രദക്ഷിണ ത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ അണിനിരന്ന് ആത്മനിര്‍വൃതി നേടി. രാവിലെ മുതല്‍ കാരമേഘങ്ങള്‍ തളംകെട്ടി നിന്ന ആകാശത്തില്‍, മഴമൂലം പ്രദക്ഷിണം പുറത്തിറങ്ങാന്‍ പോലും സാധിക്കില്ലെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട്, പ്രകൃതി പോലും മന്ദസ്മിതം വിരിയിച്ച്, അടുത്ത കാലത്തൊന്നും കാണാന്‍ കഴി യാത്തത്ര പ്രകാശാമാനമായ ഒരു അന്തരീക്ഷം ഒരുക്കി പ്രകൃതി കൂടി തിരുനാളിനെ അനുഗ്രഹിച്ചു. രാവിലെ മുതല്‍ മൂടിനിന്ന മഴമേഘങ്ങള്‍ ഒരു തുള്ളി പോലും പെയ്യാതെ ഓടിയൊളിച്ചു. തിരുനാള്‍ പ്രദക്ഷിണം കടന്ന് പോയ വഴിയിലൊന്നും വാഹനങ്ങള്‍ക്കോ, വഴിയാത്രക്കാര്‍ക്കോ ഒരു അസൗകര്യവും വരാതിരിക്കാന്‍ കമ്മിറ്റിക്കാരും, മറ്റ് വാളണ്ടിവയേഴ്‌സും പ്രത്യേകം ശ്രദ്ധിച്ചു.പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍ വാദം തുടങ്ങിയവയും നടന്നു.അതിന് ശേഷം കഴുന്ന് നേര്‍ച്ച എടുക്കലും, നേര്‍ച്ചവിതരണം തുടങ്ങിയവയും ഉണ്ടായിരുന്നു.

തുടര്‍ന്ന് സീറോ മലബാര്‍ പാരീഷ് ഹാളില്‍ നടന്ന ഇടവക ദിനാഘോഷ പരിപാടികള്‍ക്ക് ലെയ്‌ന ജയ്‌മോന്‍ സ്വാഗതം ആശംസിച്ചു. ഫാ.തോമസ് തൈക്കൂട്ടത്തില്‍, ഫാ. പ്രിന്‍സ് തുമ്പിയാംകുഴിയില്‍,ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ്, ഡീക്കന്‍ ജോബോയ്, ട്രസ്റ്റിമാരായ പോള്‍സന്‍ തോട്ടപ്പിള്ളി, ജോര്‍ജ് മാത്യു തുടങ്ങിയവര സാക്ഷിയാക്കി മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്ക് വേണ്ടി പോള്‍സണ്‍ തോട്ടപ്പിള്ളി ബിഷപ്പിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

അതിന് ശേഷം ജോബി മാത്യു, ജിന്‍സി ടോണി എന്നിവരുടെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ കമ്മിറ്റി അണിയിച്ചൊരുക്കിയ ദൃശ്യ സംഗീത വിരുന്ന് കാണികളുടെ മനം കവര്‍ന്നു. ഇടവകയിലെ വിവിധ വാര്‍ഡുകളുടെയും, സീറോ മലബാര്‍ യൂത്ത് ലീഗിന്റെയും, വിവിധ കലാപ്രകടനങ്ങളും മാര്‍ഗ്ഗംകളിയും,നാടകവുമെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജയ്‌സന്‍ മേച്ചേരി സമ്മാനവിതരണത്തിന് നേത്യത്വം നല്കി. ‘ഞാന്‍ വിശ്വസിക്കുന്നു ‘ എന്ന ബൈബിള്‍ നാടകം അവതരണത്തിലും അഭിനയത്തിലും ഇന്നത നിലവാരം പുലര്‍ത്തി. എബി എബ്രഹാം എന്ന യുവാവിന്റെ പ്രകടനം താനൊരു സകലകലാവല്ലഭനാണെന്ന് തെളിയിക്കുന്നതായിരുന്നു.വിന്‍സി വിനോദിന്റെ ഒട്ടും വിരസത അനുഭവപ്പെടാതെയുള്ള അവതരണ ശൈലിയും, അഭിനയ പാടവും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.ജോര്‍ജ് മാത്യു നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികള്‍ സമാപിച്ചു.കലവറ കാറ്ററിംഗിന്‍ന്റെ രുചികരമായ ഭക്ഷണവും കഴിച്ച് നിറഞ്ഞ മനസോടെയാണ് ഇടവകാംഗങ്ങള്‍ സ്വഭവനങ്ങളിലേക്ക് തിരികെ പോയത്.തിരുനാളാഘോഷങ്ങള്‍ വെറും ആര്‍ഭാടമാകുന്ന ഈ കാലഘട്ടത്തില്‍, ഇത്രയും ഭംഗിയായി വിശ്വാസ ചൈതന്യവും ഭക്തി നിര്‍ഭരവുമായി തിരുനാള്‍ നടത്തിയതിന് സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്ക് അഭിമാനിക്കാം.

ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെ നേത്യത്വത്തില്‍ ട്രസ്റ്റിമാരായ പോള്‍സണ്‍ തോട്ടപ്പിള്ളി, ജോര്‍ജ് മാത്യു തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ അനില്‍ അധികാരം, തോമസ് വരവുകാല, സാജു കാവുങ്ങ, റോയ് മാത്യു, ടോണി, ജോജി, ജോമി,ജിന്‍സി ടോണി, ജോമോള്‍ തുടങ്ങിയവരാണ് തിരുനാളാഘോഷങ്ങള്‍ക്ക് നേത്യത്വം കൊടുത്തത്.തിരുനാള്‍ വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍ റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ നന്ദി അറിയിച്ചു.

Part1 https://goo.gl/photos/GZ1iX2sKoXLPREav5

Part 2 https://photos.google.com/share/AF1QipPdBf5XblOrBPOGCptEPd4Q1TFDN7KomnCBBqOlaVi87LMiswuyjgZnLi5ZGwsMg?key=MVVYbmItaDVtRllSempfVDdrY25TZ2lUQTlycEJR

Part 3 https://photos.google.com/share/AF1QipPwTBlgY_8L_X_KtnhgCdxccdFcw6mFB0jEsK85YFYt3OstaHDZ04DEpk9R3SFDIA?key=Snk0RlJpdTU5TU4wWFdXb2dOZXYyRWtxXzgzVzVR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.