സ്വന്തം ലേഖകന്‍: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ എടിഎം വിവരങ്ങള്‍ ചോര്‍ത്തി കോടികള്‍ തട്ടിയവര്‍ ഡല്‍ഹിയില്‍ പിടിയില്‍. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതികളെന്ന് കരുതുന്ന സെന്‍ട്രല്‍ ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ സ്വദേശികളായ സൗരബ്, ഋഷിനാറുള്ള എന്നിവരാണ് കുടുങ്ങിയത്. ദേശസാല്‍കൃത ബാങ്കുകളുടെ ഡേറ്റാബേസില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു തട്ടിപ്പ്.
അഞ്ച ബാങ്കുകളുടെ ഡേറ്റാബേസില്‍ നിന്നും ഇവര്‍ അനേകരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നുമാത്രം 130 കോടിയുടെ തട്ടിപ്പാണ് സംഘം നടത്തിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ലൊക്കേഷന്‍ ട്രേസ് ചെയ്ത് ഡല്‍ഹി പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടു പേരും പിടിയിലായത്. കുറ്റം സമ്മതിച്ച ഇരുവരും തട്ടിപ്പ് നടത്തിയ രീതിയൂം പോലീസിനോട് തുറന്നു പറഞ്ഞിട്ടുണ്ട്.
ബാങ്ക് ഡേറ്റാബേസ് സെര്‍വര്‍ ഹാക്ക് ചെയ്ത് പേരും വിലാസവും അക്കൗണ്ട് നമ്പറും എടിഎം കാര്‍ഡ് പിന് നമ്പറും ഉള്‍പ്പെടെയുള്ള അക്കൗണ്ട് വിവരങ്ങള്‍ ആദ്യം ചോര്‍ത്തും. തുടര്‍ന്ന് മാഗ്നറ്റിക് എടിഎം കാര്‍ഡുകള്‍ ചിപ് കാര്‍ഡുകളാക്കി പുതുക്കണം എന്ന നിര്‍ദേശത്തോടെ ഇടപാടുകാരനെ വിളിക്കുകയും എടിഎം കാര്‍ഡിലെ 16 അക്ക നമ്പറുകള്‍ പറയുകയും ചെയ്യും.
പിന്നീട് ഉപഭോക്താവിന്റെ ഫോണിലേക്ക് വണ്‍ടൈം പാസ്വേഡ് അയയ്ക്കുകയും ഇത് സ്ഥിരീകരിച്ച ശേഷം പണം പിന്‍വലിക്കുകയും ചെയ്യുന്നതാണ് മോഷ്ടാക്കളുടെ രീതി. ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നതായുള്ള പരാതികള്‍ വ്യാപകമായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാര്‍ കുടുങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല