അലക്സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഏകദിന വിനോദയാത്ര സംഘാടന മികവുകൊണ്ടും അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടും വന്‍ വിജയമായി പര്യവസാനിച്ചു. എം.എം. സി.എ യുടെ ഭരണ സമിതിക്ക് അഭിമാനിക്കാന്‍ വക നല്കുന്ന ഒരു പരിപാടിയായിരുന്നു ,ഏകദിന വിനോദയാത്ര. ജോബി മാത്യു നേതൃത്വം നല്കുന്ന ടീം.എം.എം.സി.എ രാവിലെ യാത്ര പുറപ്പെടുമ്പോള്‍ കനത്ത മഴ പെയ്യുകയായിരുന്നു.എന്നിരുന്നാലും കുഞ്ഞുങ്ങളുള്‍പ്പടെയുള്ള സംഘാംഗങ്ങള്‍ക്ക് ആവേശത്തിന് യാതൊരുക്കമുണ്ടായിരുന്നില്ല.എം.എം.സി.എ.യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘം, 150 ഓളം ആളുകള്‍ 3 കോച്ചുകളിലായി ആണ് യാത്ര പുറപ്പെട്ടത്.
യാത്ര പുറപ്പെട്ട് ആദ്യം സന്ദര്‍ശിച്ചത് മോയല് ഫമാവൂ കുന്നുകളാണ്. പ്രകൃതി ഭംഗി ആവോളം നുകരാന്‍ പ്രകൃതി തന്നെ കനിഞ്ഞനുഗ്രഹിച്ച പ്രദേശം.യു കെ യിലായിരുന്നതിനാല്‍ മലയാറ്റൂര്‍ മലകയറാന്‍ സാധിക്കുന്നില്ലാ എന്ന് വിഷമിക്കുന്നവര്‍ക്ക്, അതിന് പറ്റിയ സ്ഥലം. പല സംഘങ്ങളായും കുടുംബമൊന്നിച്ചും മലകയറി അടിവാരത്തെത്തിയപ്പോള്‍ ഉച്ചഭക്ഷണം റെഡി. എല്ലാവരും ഒരു കുടുംബമായി, സഹോദരീ സഹോദരന്മാരെപോലെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ആവശ്യത്തിന് ഭക്ഷണം കരുതിയിരുന്നതിനാല്‍ എല്ലാവരും വയറുനിറയെ ഭക്ഷണം കഴിച്ച് ത്യപ്തരായി. ഭക്ഷണശേഷം എല്ലാവരുമൊന്നിച്ച് ഫോട്ടോയും എടുത്ത് അടുത്ത സ്ഥലമായ ടെലാകര് ബീച്ചിലേക്ക് പുറപ്പെട്ടു.
യു കെയിലെ മനോഹരമായ ബീച്ചുകളിലൊന്നായ ടെലാകര് ബീച്ചില്‍ കടലിലിറങ്ങിയും. ഫുട്ബോള്‍, ക്രിക്കറ്റ് തുടങ്ങിയവ കളിച്ചും സംഘാംഗങ്ങള്‍ സന്തോഷകരമായി സമയം ചിലവഴിച്ചു.വൈകുന്നേരം 6 മണിയോടെ ബീച്ചിനോട് യാത്ര പറഞ്ഞ് തിരികെ പോരാന്‍ എല്ലാവര്ക്കും വലിയ വിഷമമായിരുന്നു. സംഘത്തിലെ പലരും മുഴുവന്‍ പേര്‍ക്കുമായി ചെറുകടികളായ ഉണ്ടന്‍പൊരി,പരിപ്പ് വട,വട്ടയപ്പം തുടങ്ങിയവ ഉണ്ടാക്കി കൊണ്ടു വന്നിട്ടുണ്ടായിരുന്നു.അങ്ങനെ എല്ലാം കൊണ്ടും അന്നേ ദിവസം സംഘാംഗങ്ങള്‍ മറ്റെല്ലാം മറന്ന് സന്തോഷിച്ചു.യാത്രയില്‍ പങ്കെടുത്തവരെല്ലാം ഇത്ര ക്രമമായി എല്ലാം ഒരുക്കിയതിന് ടീം.എം.എം.സി.എ യെ നന്ദിയറിയിച്ചു. ജോബി മാത്യു, ഹരികുമാര്‍ പി. കെ ,അലക്സ് വര്‍ഗ്ഗീസ്, ആഷന്‍ പോള്‍, സിബി മാത്യു, സാബു പുന്നൂസ്, ബോബി ചെറിയാന്, സുമ ലിജോ ,ഷീ സോബി, തുടങ്ങിയവര്‍ വിനോദയാത്രക്ക് നേത്യത്വം നല്കി. ഏകദിന വിനോദയാത്ര വിജയകരമാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും ടീം എം.എം.സി.എ യുടെ നന്ദി സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല