സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് ഭീകരാക്രമണത്തിന് പിന്നില്‍ ഫ്രഞ്ച്ടുനീഷ്യന്‍ പൗരന്, ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. 31 വയസ്സുള്ള ആക്രമി ട്രക്ക് ജനക്കൂട്ടത്തിനു നേര്‍ക്ക് ഓടിച്ചുകയയുകയായിരുന്നു. നീസ് സ്വദേശിയാണ് ഇയാളെന്നും ട്രക്കിനുള്ളില്‍ നിന്നു ലഭിച്ച രേഖകളില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.
നീസിലെ റിസോര്‍ട്ടില്‍ ഫ്രഞ്ച് ദേശീയ ദിനാഘോഷമായ ‘ബാസ്റ്റില്ലെ ഡേ’യുടെ ഭാഗമായി കരിമരുന്ന് പ്രയോഗം കാണാനെത്തിയ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ആക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. രണ്ടു കിലോമീറ്ററോളം അലക്ഷ്യമായി ട്രക്ക് ഓടിച്ച യുവാവിനെ പോലീസ് പിന്നീട് വെടിവച്ച് കൊന്നു. ആക്രമണത്തില്‍ 80 പേര് കൊല്ലപ്പെട്ടുകയും 100 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ആക്രമണം നടത്തുന്ന സമയത്ത് ട്രക്കില്‍ വെടിക്കോപ്പുകളും ഗ്രനേഡുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ ആരും അപായപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നീസിലെ ഇന്ത്യന്‍ സമൂഹവുമായി പാരീസിലുള്ള അംബാസിഡര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഒരു ഇന്ത്യക്കാരനും അപകടത്തില്‍പെട്ടിട്ടില്ലെന്നാണ് ഇതുവരെ ലഭിച്ച വിവരമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. പാരീസിലെ ഇന്ത്യന്‍ എംബസി 33140507070 എന്ന ഹെല്പ്പ്ലൈന് നമ്പറും ലഭ്യമാക്കിയിട്ടുണ്ട്.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. മനസ്സാക്ഷിയില്ലാത്ത ഇത്തരം അക്രമങ്ങളില്‍ താന്‍ ശക്തമായി അപലപിക്കുന്നതായും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മോഡി ട്വീറ്റ് ചെയ്തു. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. ഫ്രാന്‍സിലെ സഹോദരങ്ങളുടെ വേദനയില്‍ ഇന്ത്യയും പങ്കുചേരുന്നതായും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല