സ്വന്തം ലേഖകന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് 45 മലയാളികള്‍ അടക്കം 155 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ സി 17 വിമാനമാണ് തിരുവനന്തപുരത്തെത്തിയത്. മറ്റൊരു വിമാനം കൂടി ഇന്ന് സുഡാനില്‍ നിന്നും എത്തുന്നുണ്ട്. അത് ഡല്‍ഹിയിലാണ് ഇറങ്ങുക. അറുനൂറോളം ഇന്ത്യാക്കാര്‍ രണ്ടാമത്തെ വിമാനത്തിലുണ്ട്.
ദക്ഷിണേന്ത്യക്കാര്‍ കൂടുതലുണ്ടായിരുന്നതിനാലാണ് ആദ്യ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. ഉത്തരേന്ത്യക്കാരെ ഡല്‍ഹിയില്‍ ഇറക്കുന്നതിനായി വിമാനം യാത്ര തിരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടര്‍ ബിജു പ്രഭാകറും ഉള്‍പ്പെടെയുള്ള ഉന്നതരുടെ സംഘമാണ് കേരളത്തിലെത്തിയ ആദ്യ സംഘത്തെ സ്വീകരിച്ചത്.
അതേസമയം 300 ലധികം വരുന്ന ഇന്ത്യാക്കാര്‍ ഇപ്പോഴും ദക്ഷിണ സുഡാനിലുണ്ട്. അവിടെ ബിസിനസ് സ്ഥാപനങ്ങളും മറ്റും നടത്തിവരുന്ന ഇവര്‍ അതൊക്കെ വിട്ട് നാട്ടിലേക്ക് വരാനുള്ള ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചു. അതേസമയം അവരാരെങ്കിലും പോരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പലര്‍ക്കും സമീപരാജ്യമായ സുഡാനിലേക്ക് പോകാനും താല്‍പ്പര്യമുണ്ട്. അവിടം സമാധാനപരമാണെന്നതാണ് ഇവര്‍ പറയുന്ന ന്യായീകരണം. വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി സംഘത്തിനൊപ്പം എത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല