സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ സൈന്യത്തിന്റെ അട്ടിമറി ശ്രമം. ഭരണം പിടിച്ചെടുത്തതായി സൈന്യം, വിമാനത്താവളങ്ങള്‍ അടച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് രാജ്യത്തിന്റെ ഭരണം പിടിക്കാന്‍ സൈനിക നീക്കമുണ്ടായത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും പാലങ്ങളും സൈന്യം അടച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറ്റാതുര്‍ക്ക്, ഇസ്താംബൂള്‍ വിമാനത്താവളങ്ങള്‍ അടച്ച് മുഴുവന്‍ വിമാന സര്‍വീസുകളും സൈന്യം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. അങ്കാറയിലും ഇസ്താംബൂളിലും സൈനിക വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും വിവരമുണ്ട്.
അങ്കാറയിലെ ദേശീയ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിനു നേരെ സൈനിക ഹെലികോപ്റ്ററില്‍നിന്നു വെടിവയ്പുണ്ടായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും വിവരമുണ്ട്. അതേസമയം, പ്രസിഡന്റ് തയ്യിബ് എര്ദോഗന് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
സൈനിക അട്ടിമറിക്കു ശ്രമം നടന്നതായി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം സ്ഥിരീകരിച്ചു. ഒരു വിഭാഗം സൈനികരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ അധികാരം സര്‍ക്കാരിന്റെ കൈയില്‍ തന്നെയാണെന്നും യില്‍ദ്രിം സിഎന്‍എന്നിനോട് വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ തുര്‍ക്കി ജനത ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല