സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉരുക്കുമുഷ്ടിയുമായി ബഹറൈന്‍. ഇനി മുതല്‍ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ വഴി നല്കണമെങ്കില് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക ലൈസന്‍സ് സ്വന്തമാക്കണമെന്ന് വകുപ്പ് മന്ത്രി അലി ബിന്‍ മുഹമ്മദ് റുമൈ ഉത്തരവിട്ടു.
ഓണ്‍ലൈനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രാലയത്തിന് നല്കുന്നതിനു പുറമേ ലൈസന്‍സ് ലഭിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയുടെ മേല്‍നോട്ടം ആര്‍ക്കാണോ അയാളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അപേക്ഷയോടൊപ്പം നല്‍കണം.
വാര്‍ത്തയില്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ വീഡിയോ ദൈര്‍ഘ്യം 120 സെക്കന്റില്‍ കൂടുവാന്‍ പാടില്ല. എന്നാല്‍, ലൈവ് വീഡിയോ സംപ്രേക്ഷണം അനുവദിക്കുന്നതല്ല. മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ സോഷ്യല്‍ മീഡിയയിലൂടെയോ വെബ്സൈറ്റിലൂടെയോ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല