സ്വന്തം ലേഖകന്‍: കശ്മീര്‍ സംഘര്‍ഷത്തിനു പിന്നില്‍ പാകിസ്താനാണെന്ന് തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കൊല്ലപ്പെട്ട ഹിസ്ബുള്‍ നേതാവ് ബര്‍ഹാന്‍ വാനി തീവ്രവാദി തന്നെയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കശ്മീര്‍ സംഘര്‍ഷത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്.
ബര്‍ഹാന്‍ വാനിക്കെതിരെ 35 ഓളം ഗുരുതരമായ കേസുകള്‍ നിലവില്‍ ഉണ്ടായിരുന്നു. പൊതുജനങ്ങള്‍ക്കെതിരെ വിനാശകരമായ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്ന് സായുധ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കശ്മീര്‍ താഴ്വരയില് ഇതുവരെ 1948 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
തീവ്രവാദം നേരിടാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു. കശ്മീര്‍ എല്ലായ്പ്പോഴും രാഷ്ട്രീയ വിഷയമാണെന്ന് സി.പി.ഐ നേതാവ് ഡി. രാജ അഭിപ്രായപ്പെട്ടു. കശ്മീര്‍ പ്രശ്നത്തിന് ശ്വാശത പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് ഡി.എം.കെ പ്രതിനിധി തിരുച്ചി ശിവ അഭിപ്രായപ്പെട്ടു. സേനയുടെ അമിത വിന്യാസമാണ് കശ്മീരില്‍ അക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
അതേസമയം ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കശ്മീരില്‍ അയവില്ലാതെ തുടരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് താഴ്വരയിലെ പത്ത് ജില്ലകളില്‍ കര്‍ഫ്യു തുടരുകയാണ്. തുടര്‍ച്ചയായി നാലാം ദിവസവും പത്രവിതരണം തടസ്സപ്പെട്ടു.
ഈ മാസം എട്ടിനാണ് ബുര്‍ഹാന്‍ വാനി സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനടക്കം 47 പേര് വിവിധ സ്ഥലങ്ങളിലായി ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. 1500 സൈനികരടക്കം 3200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, വിഘടനവാദ ഗ്രൂപ്പുകളുടെ തുടര്‍ച്ചയായ ബന്ദ് ആഹ്വാനവും ജനജീവിതത്തെ വലച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല