സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ ശകുന്തളയായി വേദിയില്‍, കാവാലത്തിന് അന്ത്യാജ്ഞലിയായി അഭിജ്ഞാന ശാകുന്തളം നാടകം. മഞ്ജുവാര്യര്‍ ശകുന്തളയായി വേഷമിട്ട അഭിജ്ഞാന ശാകുന്തളം സംസ്കൃതനാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചു. നാടകം ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടകാവതരണം ഉദ്ഘാടനംചെയ്തു. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച്ചാണ് അരങ്ങിലെത്തിച്ചത്. സ്വരലയയാണ് നാടകത്തിന്റെ ആതിഥേയര്‍.
കാവാലത്തിന്റെ മകന് കാവാലം ശ്രീകുമാറിന്റെ ശ്ളോകാലാപനത്തോടെയാണ് നാടകം ആരംഭിച്ചത്. നാടകപരിശീലനത്തിന്റെ പാതിയിലാണ് കാവാലം നാരായണപണിക്കര്‍ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത്. നാടകം അരങ്ങിലെത്തണമെന്ന കാവാലത്തിന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഒരിടവേളയ്ക്കുശേഷം സോപാനക്കളരിയില് വീണ്ടും പരിശീലനം പുനരാരംഭിക്കുകയായിരുന്നു.
ശാകുന്തളത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം നാടകത്തിലൂടെ അരങ്ങിലെത്തി. കാവാലം ശൈലിയില്‍ അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിലാണ് നാടകം. ദുഷ്യന്തന്റെ നായാട്ട് ഒരു പെണ്നായാട്ടായിരുന്നെന്ന വ്യഖ്യാനമാണ് ഇതില്‍ പ്രധാനം. ശകുന്തളയെ ശല്യപ്പെടുത്തിയ വണ്ട് ദുഷ്യന്തന്റെ കാമമായിരുന്നുവെന്നത് മറ്റൊരു വ്യാഖ്യാനം. ഒന്നേമുക്കാല്‍ മണിക്കൂറാണ് ദൈര്‍ഘ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല