സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാര നിയമത്തിന് എതിരെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഭാഗികമായി പിന്‍വലിക്കണമെന്ന് ആവശ്യം. സൈന്യത്തിന് സംസ്ഥാനത്ത് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ ഭാഗികമായി പിന്‍വലിക്കുകയും തുടര്‍ സാഹചര്യം വിലയിരുത്തിയ ശേഷം പൂര്‍ണമായി പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയും ചെയ്യണമെന്ന് മുഫ്തി പറഞ്ഞു.
ഒറ്റയടിക്ക് അഫ്സ്പ പിന്‍വലിക്കേണ്ടന്നും ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികള്‍ തുടങ്ങണമെന്നും അവര്‍ പറഞ്ഞു. കശ്മീരില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിന് പാകിസ്താനെതിരെയും അവര്‍ വിമര്‍ശനം ഉന്നയിച്ചു. തീവ്രവാദത്തിന്റെ ഇരയാണെന്ന് അവകാശപ്പെടുമ്പോഴും പാകിസ്താന് കശ്മീരില്‍ തീവ്രവാദം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലാഹോര്‍ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു. എന്നാല്‍ പത്താന്‍കോട്ട് ആക്രമണത്തോടെ വീണ്ടും ബന്ധം വഷളായെന്നും കശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അസ്ഫ്പ പിന്‍വലിക്കുന്നതിനെ അനുകൂലിച്ച് മുഫ്തി രംഗത്ത് വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല