സ്വന്തം ലേഖകന്‍: കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി സൂചന, തെരച്ചിലിന് ഐഎസ്ആര്‍ഒയുടെ സഹായവും. ചെന്നൈയില്‍നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതായുള്ള ഉപഗ്രഹ ചിത്രങ്ങളാണ് വിമാനം തകര്‍ന്നതാകാം എന്ന സൂചന നല്‍കുന്നത്.
ഐഎസ്ആര്‍ഒയുടെ റിസാറ്റ് ഭൂതല ഉപഗ്രഹത്തില്‍നിന്നുള്ള ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയത്. ഇത് കാണാതായ വിമാനത്തിന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായ വിമാനത്തില്‍ രണ്ട് മലയാളികളടക്കം 29 പേരാണ് ഉണ്ടായിരുന്നത്.
തെരച്ചിലിന് വ്യോമസേന ഐ.എസ്.ആര്.ഒയുടെ സഹായവും തേടിയിട്ടുണ്ട്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചിലിന് അയച്ചിരുന്ന വിമാനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. ഐ.എസ്.ആര്. ഒയുടെ റഡാര്‍ ഇമേജ് സാറ്റലൈറ്റ്(റിസാറ്റ്) ന്റെ സേവനമാണ് തെരച്ചിലിനായി ഉപയോഗിക്കുക. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുഷ്കരമായ സാഹചര്യത്തിലാണ് ഐ.എസ്.ആര്.ഒയുടെ സഹായം തേടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല