1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2016

സ്വന്തം ലേഖകന്‍: 32 വര്‍ഷത്തിനു ശേഷം അമ്മയുടെ പ്രണയ സാഫല്യത്തിന് ചുക്കാന്‍ പിടിച്ച് മകള്‍, അപൂര്‍വ സ്‌നേഹത്തിന്റെ കഥ പറയുന്ന മകളുടെ ഫേസ്ബുക്ക് പോസ്റ്റ്. ആതിര ദത്തന്‍ എന്ന പെണ്‍കുട്ടിയുടെ അമ്മയാണ് ജൂലൈ ഇരുപത്തൊന്നിന് വിവാഹം കഴിച്ചത്. വര്‍ഷങ്ങളായി കാത്തിരുന്ന പ്രണയസാഫല്യത്തിനു ചുക്കാന്‍ പിടിച്ചത് ആതിര തന്നെ. മകളുടെ പരിശ്രമങ്ങളുടെ ഫലമാണ് അമ്മയുടെ പുതിയ ജീവിതം. ആ സംഭവങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ആതിരയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.

ആതിരയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

‘ഒരുപാട് സന്തോഷത്തിലാണ് ഞാനിപ്പോ…. എന്താ എഴുതുക, എങ്ങനെയാ എഴുതുക എന്നൊന്നും ഒരു പിടിയുമില്ല. കുറെ നേരമായി ഞാന്‍ എന്തെങ്കിലും ഒന്ന് എഴുതാന്‍ ശ്രമിക്കുന്നു… പറ്റുന്നില്ല.
Excitement ആണ് ഒരു പ്രധാന കാരണം….

ജൂലൈ 21, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായിരുന്നു. ഒരുപാട് നാളുകളായുള്ള എന്റെ സ്വപ്‌നം..!!! എന്റെ സാറും എന്റെ അമ്മയും ഒരുമിച്ച ദിവസമായിരുന്നു അത്. നീണ്ട 32 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പ്രണയ സാഫല്യം. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു, ആദ്യമായി അമ്മ സാറിനെകുറിച്ചും, അവരുടെ പഴയകാല പ്രണയത്തെക്കുറിച്ചും എന്നോട് പറഞ്ഞത്. നിറകണ്ണുകളോടെയായിരുന്നു ഞാന്‍ അത് കേട്ടിരുന്നത്.

അന്ന്, കളങ്കമില്ലാത്ത അവരുടെ സ്‌നേഹത്തെ എല്ലാവരും എതിര്‍ത്തു. പട്ടാളത്തില്‍ (GREF) Assisst Engineer ആയിരുന്ന അച്ഛന് അന്നത്തെ പ്രൗഢിക്ക്, മകളെ ഒരു സാധാരണ പാരലല്‍ കോളേജ് അധ്യാപകനും സര്‍വോപരി ഒരു ഇടത് പക്ഷ നേതാവിന് വിവാഹം ചെയ്ത് കൊടുക്കാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ, അമ്മയുടെ പത്താം തരത്തിലെ പഠിത്തം നിര്‍ത്തിച്ചു, മൂന്നാം മുറയില്‍ ആയിരുന്നു പിന്നെ കാര്യ പരിപാടികളൊക്കെ. കൂട്ടത്തില്‍ പട്ടാളത്തിലെ തോക്ക് കൊണ്ട് സാറിനെ വെടി വെച്ച് കൊന്ന് കളയും എന്നുള്ള ഭീഷണിയും. ഒടുവില്‍ എന്റെ ചാച്ചനെ കൊണ്ട് അമ്മയെ വിവാഹം കഴിപ്പിച്ചു.

അമ്മയ്ക്ക് വേണ്ടി വാങ്ങിയ പാട്ടുസാരിയും താലിയും സുഹൃത്തിന്റെ വീട്ടില്‍ ഉപേക്ഷിച്ച്, അമ്മയുടെ ജീവിതത്തില്‍ ഒരിക്കലും ഒരു കരടായി വരാതെയിരിക്കാന്‍ വേണ്ടി സാര്‍ സ്വന്തം വീടും, ചുറ്റുപാടും എല്ലാം വിട്ട്, വേറെ ഒരു നാട്ടില്‍ 32 വര്ഷക്കാലംപാര്‍ട്ടി പ്രവര്‍ത്തനവുമായി പാര്‍ട്ടി ആഫീസിലെ ഒരു കുടുസ് മുറിയില്‍ ഒതുങ്ങി കൂടി.

കൈ വന്ന ജോലികള്‍ എല്ലാം ഉപേക്ഷിച്ച്, എന്തിന് പറയുന്നു… വിവാഹം പോലും വേണ്ടന്ന് വെച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മാത്രമായി നിന്നു….
ഇവിടെ, എന്റെ അമ്മയുടെ ജീവിതവും ഏതാണ്ട് അതുപോലെ ഒക്കെ തന്നെ ആയിരുന്നു. അമ്മ മനസ്സ് തുറന്ന് ഒന്ന് ചിരിച്ചു ഞാന്‍ കണ്ടിട്ടില്ല. എനിക്ക് 8 വയസുള്ളപ്പോള്‍ ചാച്ചന്‍ ഞങ്ങളെ വിട്ടു പോയി. ഒരു Alcoholic ആയിരുന്നു ന്റെ ചാച്ചന്‍. ഞങ്ങള്‍ മക്കളോട് (ചേച്ചിയും ഞാനും) ചാച്ചന് വല്യ സ്‌നേഹമായിരുന്നു. പക്ഷെ, അമ്മയെ ഒരുപാട് ഉപദ്രവികുമായിരുന്നു. അന്നൊക്കെ പേടിച്ച് വിറച്ചു അമ്മയെ അളളി പിടിച്ച് പിറകില്‍ നിന്ന് കരയുമായിരുന്നു. അന്നൊക്കെ, എല്ലാവരെയും എനിക്ക് പേടിയായിരുന്നു.. എന്റെ personaltiy യെ തന്നെ അതൊക്കെ വളരെയധികം സ്വാധിനിച്ചിട്ടുള്ളതായി ചിലപ്പോ തോന്നാറുണ്ട്..
.
ഒടുവില്‍, എന്റെ അമ്മയുമായി വഴക്കിട്ട് മദ്യലഹരിയില്‍ ചാച്ചന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.. അന്ന്, മരിച്ചു കിടന്ന ചാച്ചന്റെ അടുത്ത് പോകാന്‍ കൂടി ഞാന്‍ പേടിച്ചിരുന്നു. ചാച്ചന്‍ പോയതിന് ശേഷം, ഒരുപാട് കഷ്ടപ്പെട്ടാ അമ്മ ഞങ്ങളെ വളര്‍ത്തി വലുതാക്കിയത്. ആരുടേയും അടുക്കല്‍ ഞങ്ങളെ വിടാതെ അന്തസ്സായി വളര്‍ത്തി. എന്ത് കാര്യത്തിലും ഞങ്ങളുടെ ഒപ്പം നിന്നു. പെണ്‍മക്കളെ എന്തിനാ ഇങ്ങനെ പഠിപ്പിക്കുന്നെ, കെട്ടിച്ചു വിട്ടുടെ എന്ന് ചോദിച്ചവരുടെ മുന്നില്‍ ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അമ്മ മുന്‍തൂക്കം നല്‍കി.

അങ്ങനെ, ഞാന്‍ കോഴിക്കോട് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്, അമ്മ എല്ലാം എന്നോട് പറയുന്നത്… അന്ന് എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. എത്രെയും വേഗം സാറിനെ കാണാന്‍ തോന്നി.. ഞാന്‍ പെട്ടെന്ന് നാട്ടില്‍ വന്നു. പഞ്ചായത്ത് ഇലക്ഷന് ഞങ്ങളുടെ വാര്‍ഡിന്റെ സ്ഥാനാര്‍ഥിയായി സാറാണ് മത്സരിക്കുന്നത്. അങ്ങനെയാണ് സാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നാട്ടില്‍ വന്നത്. ആദ്യമായി ഞങ്ങള്‍ കണ്ടപ്പോള്‍, എന്തൊക്കെയോ സംസാരിച്ചു… കുറെ കരഞ്ഞു…

അതിന് ശേഷം, ഞാന്‍ ഇടയ്ക്കിടെ സാറിനെ കാണാന്‍ പോകുമായിരുന്നു. എനിക്ക് വല്ലാത്ത ഒരു സന്തോഷമായിരുന്നു സാറിനെ കാണുമ്പോള്‍. സാറിന്റെ സംസാരം, സ്‌നേഹം, എനിക്ക് ഇതുവരെ കിട്ടാഞ്ഞ പലതും തിരിച്ച് കിട്ടുന്നത് പോലെ തോന്നി….

ഞാന്‍ അഭിയോട് സാറിനെക്കുറിച് പറഞ്ഞു. അഭി എനിക്ക് ഫുള്‍ സപ്പോര്‍ട്ട് നല്‍കി. അഭി സാറുമായി ഫോണില്‍ സംസാരിച്ചു. ഇതിനിടയ്ക്, സാര്‍ ഇലക്ഷന് ജയിച്ചു ഞങ്ങളുടെ സ്വന്തം വാര്‍ഡ് മെമ്പര്‍ ആയി…
അന്നൊക്കെ സാറ് നന്നായി സംസാരിക്കുമായിരുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ കവിതകളും, quotes ഉം ഒക്കെ ചേര്‍ത്തായിരുന്നു സംസാരിക്കുന്നത്..

അങ്ങനെ ഇരിക്കെ, സാറിന് പെട്ടെന്ന് tsroke വരുകെ ഉണ്ടായി. ICU ല്‍ ഓര്‍മ്മയൊക്കെ നഷ്ടപ്പെട്ട് കിടന്നു. അന്ന് ഞാന്‍ കോളേജില്‍ നിന്നും ലീവ് എടുത്ത് സാറിന്റെ കൂടെ ആശുപത്രിയില്‍ ആയിരുന്നു.. ഞാന്‍ സാറിനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അന്ന് ഞാന്‍ മനസിലാക്കി.
പിന്നീട്, സാറ് ആളാകെ മാറി, പഴയ ചുറുചുറുക്ക് ഒക്കെ നഷ്ടപ്പെട്ടു, സംസാരം കുറഞ്ഞു, ക്ഷീണം ഒക്കെ അധികമായി. അന്നൊക്കെ മിക്കവാറും ഞാന്‍ സാറിനെ വീട്ടില്‍ പോയി കാണുമായിരുന്നു..

എന്റെ കല്യാണത്തിന് മുന്‍പ് തന്നെ സാറും അമ്മയും ഒരുമിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ വിവാഹത്തിന് സാറു പിതൃസ്ഥാനത്തു നില്‍ക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന് വേണ്ടി ഞാന്‍ കുറെ ശ്രമിച്ചു, പക്ഷെ എന്റെ വിവാഹം കഴിയട്ടെ എന്ന് സാറ് വാശിപിടിച്ചു.

ഇനിയും വൈകാതെ, എത്രെയും പെട്ടെന്ന് അമ്മയും സാറും ഒന്നാകണം എന്ന് മാത്രമായിരുന്നു മനസ്സ് നിറയെ… ഒടുവില്‍ കോഴ്‌സ് തീര്‍ന്നിട്ട് മതി വിവാഹമെന്നുള്ള എന്റെ തീരുമാനം മാറ്റി. ഞാനും അഭിയും കൂടി ആലോചിച്ച്, വിവാഹം നേരുത്തെ നടത്താം എന്ന് നിശ്ചയിച്ചു. എന്റെ ചേച്ചി എല്ലാത്തിനും ഞങ്ങളുടെ ഒപ്പം താങ്ങായി നിന്നു….
അതുപോലെ തന്നെ, 2 മാസം മുന്‍പ് ഞാന്‍ വിവാഹിതയായി…
അതിന് ശേഷം, ഞങ്ങള്‍ ഇവരുടെ ഒത്തുചേരലിന്ന് വേണ്ടിയിട്ടുള്ള ചര്‍ച്ചകളില്‍ ആയിരുന്നു.

പാര്‍ട്ടിയും, അടുത്ത ചില സുഹൃത്തുക്കളും, നാട്ടുകാരും, ചുരുക്കം ചില ബന്ധുക്കളും ഞങ്ങളെ പിന്‍തുണച്ചു. അങ്ങനെ, ജൂലൈ 21 ആം തീയതി, ഞങ്ങളുടെ ചെമ്പുവിളയില്‍ വീട്ടില്‍ വെച്ച് 68 കാരനായ സാറും 50 കഴിഞ്ഞ അമ്മയും ഒരുമിച്ചപ്പോള്‍…. ആ ചടങ്ങില്‍, സാറിന് താലി എടുത്ത് കൊടുത്തത്, പണ്ട് തോക്കുമായി സാറിനെ കൊല്ലാന്‍ നടന്ന പട്ടാളക്കാരനായ അമ്മയുടെ അച്ഛനായിരുന്നു…. ഇനിയുള്ള കാലമെങ്കിലും അവരു സന്തോഷമായി ജീവിക്കട്ടെ…!!!!!!!

ഒരു കാര്യം കൂടി, ഈ സമയത്തും മനസ്സിനെ ആഴത്തില്‍ മുറിപ്പെടുത്തിയ ചില രക്തബന്ധങ്ങളുണ്ട്…. അവരോട് ഒന്നും പറയാനില്ല… ഒരു മറുപടി പോലും അവര്‍ അര്‍ഹിക്കുന്നില്ല…!!!!!’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.