സ്വന്തം ലേഖകന്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് പിന്തുണയുമായി അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ഫിലഡെല്ഫിയയില് ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷം നിറഞ്ഞ വാക്കുകളുമായി പൊതുജനങ്ങളോട് സംവദിക്കുന്നവര്‍ അമേരിക്കയുടെ യഥാര്‍ഥ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ മിഷേല്‍ ആഞ്ഞടിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് പദത്തിന്റെ മഹത്വവും ഗൗരവവും ഉള്‍ക്കൊള്ളുന്നവരാണ് തന്റെ ഭര്‍ത്താവിന്റെ പിന്‍ഗാമിയായി എത്തേണ്ടത്. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് ആദ്യമായി ഒരു വനിത എത്തുമെന്ന് എന്റെയും നിങ്ങളുടെയും മക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഹിലരി ആയതു കൊണ്ടു മാത്രമാണ്.
നമ്മുടെ പെണ്മക്കളുടെ പിതാക്കളുടെ വിശ്വാസത്തെയോ പൗരത്വത്തെയോ ചോദ്യം ചെയ്യുന്നവരെ തള്ളിക്കളയുക മിഷേല്‍ പറഞ്ഞു. കരഘോഷങ്ങളോടെയാണ് ആളുകള്‍ മിഷേലിന്റെ വാക്കുകളെ വരവേറ്റത്.
പ്രസംഗത്തിലുടനീളം ട്രംപിന്റെയൊ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയോ പേരെടുത്തു പറയാതെയായിരുന്നു മിഷേലിന്റെ ആക്രമണം എന്നതും ശ്രദ്ധേയമായി. മിഷേലിന്റെ പ്രസംഗത്തെ ബറാക് ഒബാമ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
വ്യാഴാഴ്ച ഹിലരിയെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. നേരത്തേ വെര്‍മണ്ട് സെനറ്ററും എതിരാളിയുമായിരുന്ന ബേണീ സാന്‍ഡേഴ്സ് ഹിലരിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഒന്നിനു പിറകെ മറ്റൊരു സംഘം ആളുകളെ അപമാനിക്കുന്നതില്‍ ട്രംപ് തിരക്കിലാവുമ്പോള്‍ വൈവിധ്യമാണ് അമേരിക്കയുടെ കരുത്തെന്ന് മനസ്സിലാക്കി ഹിലരി മുന്നേറുകയാണെന്ന് സാന്‍ഡേഴ്സ് പറഞ്ഞു. സാന്‍ഡേഴ്സ് സ്വയം ഹിലരിക്ക് വില്‍പ്പന നടത്തിയെന്ന് മറുപടിയായി ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മറ്റു പ്രാസംഗികരെയും രൂക്ഷമായി വിമര്‍ശിച്ച ട്രംപ് എന്നാല്‍ മിഷേലിന്റെ വാക്കുകള്‍ക്ക് മൗനം പാലിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല