സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു. നോര്‍മണ്ടിയില്‍ പള്ളിയില്‍ ഇരച്ചുകയറി വൈദികനെ വധിച്ചരണ്ടാമത്തെ ഐഎസ് ഭീകരന് അബ്ദല്‍ മാലിക് നബീല്‍ എന്ന യുവാവാണെന്ന് പോലീസ് അറിയിച്ചു. നബീല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ആദ്യ ദിവസം തിരിച്ചറിഞ്ഞ അഡെല്‍ കെര്‍മിഷും 19 കാരനാണ്. സാന്‍ എറ്റിയന് ഡു ദിവ്റയിലെ പള്ളിയില്‍ ദിവ്യബലി നടക്കുന്നതിനിടയില്‍ പാ. ഷാക് ഹാമലി (86) നെ ഇവര്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നു. കിഴക്കന്‍ ഫ്രാന്‍സുകാരനായ നബീലും തീവ്രവാദി എന്ന നിലയില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കെര്‍മിഷിന്റെ വീട്ടില്‍നിന്നു ലഭിച്ചു. ഇയാള്‍ അടുത്തദിവസം ഒരു ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ വെള്ളിയാഴ്ച ഫ്രഞ്ച് അധികൃതര്‍ക്കു ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ജിഹാദി പോരാളികളാകാന്‍ പോകുന്നവര്‍ എന്നു കരുതുന്നവരുടെ ഒരു പട്ടിക ഫ്രഞ്ച് പോലീസ് തയാറാക്കിയിട്ടുണ്ട്. എസ് ഫയല്‍ എന്ന ഈ പട്ടികയിലെ 10,500 പേരില്‍ ഒരാളാണ് നബീല്‍. അബ്ദല്‍ മാലിക് നബീല്‍ പെറ്റീ ഷാന്‍ എന്ന ഇയാളുടെ പേരില്ലാതെയാണ് പോലീസ് സ്റ്റേഷനുകളിലേക്കു മുന്നറിയിപ്പ് ചെന്നത്. ഇയാളുടെ മുഖമാണ് ഐഎസ്, പുറത്തുവിട്ട വീഡിയോയിലുള്ളത്. നബീല്‍ ഒരിക്കലും ഇസ്ലാമിക് സ്റ്റേറ്റിനെപ്പറ്റി വീട്ടില്‍ സംസാരിച്ചിട്ടില്ലെന്ന് അമ്മ യാമിന പറഞ്ഞു. ഇയാളുടെ പരിചയക്കാരായ മൂന്നു പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല