സ്വന്തം ലേഖകന്‍: ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബഹളമുണ്ടാക്കിയ ഇയാള്‍ മലപ്പുറം സ്വദേശിയാണ്. സി.ഐ.എസ്.എഫ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ബോധ്യമായത്.
ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന സഹോദരനെയും സി.ഐ.എസ്.എഫ് മുംബൈ വിമാനത്താവളത്തില്‍ ചോദ്യം ചെയ്തിരുന്നു. മനോരോഗിയാണെന്ന് ബോധ്യപ്പെട്ടതോടെ കൊണ്ടോടി പോലീസിന് സി.ഐ.എസ്.എഫ് വിവരം കൈമാറി. ഇയാളെയും സഹോദരനെയും കോഴിക്കോട്ടെയ്ക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റിവിടാനും തീരുമാനിച്ചു.
അതേസമയം, ഇയാള്‍ ഐ.എസ് അനുകൂലിയല്ലെന്നും ഐ.എസിന് എതിരാണ് വിമാനത്തില്‍ സംസാരിച്ചതെന്നും സഹയാത്രികര്‍ പറഞ്ഞു. ഐ.എസിനെ ചീത്ത വിളിക്കുകയായിരുന്നു. ഇസ്ലാം മതത്തിന് വിരുദ്ധമാണ് ഐ.എസ് എന്നും പറഞ്ഞിരുന്നു. ഐ.എസ് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്‍ഡിഗോ അധികൃതരും നിഷേധിച്ചിട്ടുണ്ട്.
ഇന്‍ഡിഗോ വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ട അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇയാള്‍ വിമാനത്തില്‍ പ്രസംഗം തുടങ്ങിയത്. തടയാന്‍ ശ്രമിച്ച യാത്രക്കാരെയും ജീവനക്കാരെയും ആക്രമിച്ചു. ഭക്ഷണം വിളമ്പുന്ന കാര്‍ട്ടില്‍ കയറി ഇരുന്നു. വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ താഴെയിറങ്ങിയ ഇയാള്‍ പെട്ടെന്നു തന്നെ പ്രകോപിതനായി സഹയാത്രികനെ ആക്രമിച്ചു.
കോക്ക്പീറ്റില്‍ കടക്കാന്‍ ശ്രമിച്ചതോടെ ഇതോടെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ കീഴപ്പെടുത്തുകയായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ അടിയന്തര സന്ദേശമയച്ച് വിമാനം ഇറക്കി ഇയാളെയും സഹോദരനെയും സി.ഐ.എസ്.എഫിന് കൈമാറിയതിനുശേഷമാണ് വിമാനത്തിന് കോഴിക്കോട്ടേക്ക് യാത്ര തുടരാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല