സ്വന്തം ലേഖകന്‍: ബെല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സഹോദരങ്ങള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്. ബല്‍ജിയത്തില്‍ ഉടനീളം വ്യാപക ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ട സഹോദരങ്ങളെ ഫ്രഞ്ച് സംസാരിക്കുന്നവര്‍ കൂട്ടമായി താമസിക്കുന്ന മോന്‍സ്, ലീഷ് എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് പിടികൂടിയത്.
നൂറുദീന്‍, ഹംസ എന്നിവരെയാണ് പിടികൂടിയതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഹോദര്ന്മാര്ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, മാര്‍ച്ചില്‍ ബ്രസല്‍സില്‍ നടന്ന ആക്രമണവുമായി ഇവര്‍ക്കു ബന്ധമൊന്നുമില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആയുധങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ല. മാര്‍ച്ച് 22ന് വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും യൂറോപ്യന്‍ യൂണിയന് ഹെഡ്ക്വാര്ട്ടേഴ്സിലുമായി നടന്ന ആക്രമണങ്ങളില്‍ 32 പേരാണു മരിച്ചത്.
ജൂലൈ 14നു ഫ്രാന്‍സിന്റെ ദേശീയ ആഘോഷമായ ബാസ്റ്റില്‍ ദിനത്തിലുണ്ടായ ട്രക്ക് ദുരന്തത്തില്‍ 84 പേരാണു മരിച്ചത്. ഇതേത്തുടര്‍ന്ന് ബെല്‍ജിയത്തില്‍ ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ നടത്തിവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല