സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാനക്കിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതനെ അനുസ്മരിക്കാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമിച്ചു. ഒപ്പം ഫ്രാന്‍സിലെ മുഴുവന്‍ ദേവാലയങ്ങളും ഇന്നലെ മുസ്ലിം സഹോദരങ്ങള്‍ക്കുകൂടി വേണ്ടി തുറന്നിടുകയും ചെയ്തു. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതന് ഫാ. ഷാക് ഹാമലിനെ അനുസ്മരിക്കാനാണു ദേവാലയങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്ലിംകളും എത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടക്കന്‍ ഫ്രാന്‍സിലെ റുവന്‍ നഗരത്തിനടുത്തുള്ള സാന്‍ എറ്റിയന്ഡു റൂവ്റ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് എണ്‍പത്തഞ്ചുകാരനായ ഫാ. ഷാക് ഹാമലിനെ പത്തൊമ്പതുകാരായ രണ്ട് ഐഎസ് ഭീകരര്‍ ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്.
റുവന്‍ നഗരത്തിലെ കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ 100 മുസ്ലിംകള് പങ്കെടുത്തു. പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയവരെ റുവന്‍ ആര്‍ച്ച്ബിഷപ് ഡൊമിനിക് ലെബ്രണ്‍ സ്വാഗതം ചെയ്തു. ദൈവനാമത്തില്‍ നടത്തുന്ന കൊലപാതകങ്ങള്‍ ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് ഈ കൂടിവരവെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ കുര്‍ബാന മധ്യേയുള്ള സമാധാന ശുശ്രൂഷയ്ക്കിടെ ആര്‍ച്ച്ബിഷപ് മുസ്ലിം സഹോദരങ്ങളെയും ഫാ. ഷാക് ഹാമലിനെ കഴുത്തറത്തു കൊന്നതിനു സാക്ഷികളായ മൂന്നു കന്യാസ്ത്രീകളെയും ആശ്ലേഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല