1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ദിവ്യബലിക്കിടെ ഭീകരര്‍ കഴുത്തറുത്ത് കൊന്ന വൈദികന് വികാരനിര്‍ഭരമായ യാത്രാമൊഴി. കഴിഞ്ഞ ചൊവ്വാഴ്ച ദിവ്യബലിമധ്യേ കഴുത്തറുത്തു കൊല്ലപ്പെട്ട വൈദികന്‍ ഷാക് ഹാമലിന്റെ മൃതദേഹം ഇന്നലെ റൂവന്‍ കത്തീഡ്രലില്‍ സംസ്‌കരിച്ചു. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍ണാര്‍ഡ് കസെന്യൂവ് പങ്കെടുത്ത ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡൊമിനിക് ലെബ്രൂണ്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ഐഎസ് ഭീകരരായ രണ്ടു യുവാക്കള്‍ റൂവന്‍ നഗരപ്രാന്തത്തിലെ സാന്‍ എറ്റിയന്‍ ദേവാലയത്തിലാണ് എണ്‍പത്തഞ്ചുകാരനായ ഫാ. ഷാക് ഹാമലിനെ വധിച്ചത്. 58 വര്‍ഷം വൈദികനായിരുന്ന അദ്ദേഹത്തിന്റെ മൃതസംസ്‌കാര ശുശ്രൂഷ നടന്നതു 11ആം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ചരിത്രമുറങ്ങുന്ന ഗോഥിക് ശൈലിയിലുള്ള കത്തീഡ്രലിലാണ്.

ദേവാലയത്തിലും പുറത്തുമായി ആയിരങ്ങള്‍ തിങ്ങിക്കൂടിയ സംസ്‌കാര ചടങ്ങില്‍ ഫാ. ഹാമലിന്റെ മൂത്ത സഹോദരി റോസ്‌ലിന്‍ സംസാരിച്ചു. അള്‍ജീരിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത ഫാ. ഹാമല്‍, കൊല്ലാന്‍ ഉത്തരവിടാന്‍ മനസില്ലാത്തതിനാല്‍ ഓഫീസറാകാനുള്ള പ്രൊമോഷന്‍ നിരസിച്ച കാര്യം പറയുമ്പോള്‍ റോസ്‌ലിനൊപ്പം സദസിന്റെ കണ്ണുകളും ഈറനായി.

ചെന്ന സ്ഥലങ്ങളിലെല്ലാം നന്മ ചെയ്തയാളായിരുന്നു ഈശോയുടെ വിശ്വസ്ത അനുയായിയായ ഫാ. ഷാക് ഹാമല്‍ എന്ന് ആര്‍ച്ച്ബിഷപ് ലെബ്രൂണ്‍ അനുസ്മരിച്ചു. നഗരത്തിലെ മുസ്‌ലിംകളും യഹൂദരും ചടങ്ങുകളില്‍ സംബന്ധിച്ചു. ഘാതകരിലൊരാളായ അഡെല്‍ കെര്‍മിഷിന്റെ മൃതദേഹം തങ്ങള്‍ സംസ്‌കരിക്കില്ലെന്നു നേരത്തെ സാന്‍ എറ്റിയനിലെ മോസ്‌കിലെ ഇമാമായ മുഹമ്മദ് കരാബില യൂറോപ്പ് വണ്‍ റേഡിയോയിലൂടെ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.