സ്വന്തം ലേഖകന്‍: സ്വര്‍ണം പൂശിയ വിജാഗിരി കള്ളക്കടത്ത് സ്വര്‍ണമെന്ന് ആരോപിച്ച് മലയാളിയെ മംഗളുരു വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വാതിലുകളും ജനലുകളും ഘടിപ്പിക്കാനായി ഉപയോഗിക്കുന്ന സ്വര്‍ണ്ണനിറം പൂശിയ വിജാഗിരിയാണ് കള്ളക്കടത്ത് സ്വര്‍ണ്ണമെന്ന് തെറ്റിദ്ധരിച്ച് മലയാളി യാത്രക്കാരനെ മംഗുളൂരു വിമാനത്താവള ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
കാസര്‍ഗോഡ് പൊയ്‌നാച്ചി സ്വദേശി മോഹനനാണ് വിജാഗിരിയുടെ നിറം വിനയായത്. ദുബൈയില്‍ ബിസിനസ് നടത്തുന്ന മോഹനന്‍ വീട് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന 46 വിജാഗിരിയാണ് സ്വര്‍ണ്ണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചത്.
സ്വര്‍ണ്ണമല്ല വിജാഗിരിയാണ് തന്റെ കൈവശമുള്ളതെന്ന് പലതവണ പറഞ്ഞുവെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചു വയ്ക്കുകയും ചെയ്തുവെന്ന് മോഹനന്‍ പറയുന്നു. ഇതിനിടെ, സ്വര്‍ണ്ണമല്ലെന്ന് പരിശോധനയിലൂടെ തെളിഞ്ഞതോടെ ഒരു തുക നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, ഡ്യൂട്ടി അടയ്ക്കാന്‍ താന്‍ തയ്യാറാണെന്നും അതിന് ബില്ല് നല്‍കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറായില്ലെന്നും അധിക്ഷേപിച്ച് സംസാരിച്ചുവെന്നും മോഹന്‍ പറഞ്ഞു. മലയാളികള്‍ മുഴുവന്‍ സ്വര്‍ണ്ണക്കടത്തുകാരാണെന്ന് ഉദ്യോഗസ്ഥര്‍ പരിഹസിച്ചതായും മോഹന്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല