സ്വന്തം ലേഖകന്‍: ‘വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടാം,’ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്ന കാമ്പസ് കവിത. ‘നാളെയീ പുഷ്പങ്ങള്‍ പെയ്തിടും പാതയില്‍ നിന്നെ തിരഞ്ഞു’ എന്നു തുടങ്ങുന്ന സഖാവ് എന്ന കവിത ആര്യ ദയാല്‍ എന്ന വിദ്യാര്‍ഥിനി പാടിയതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സംസാരവിഷയം. സിനിമ പ്രവര്‍ത്തകനും സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥിയുമായ സാം മാത്യു കോളേജ് പഠനക്കാലത്ത് എഴുതിയ സഖാവ് അന്നേ ശ്രദ്ധ നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കവിത സമൂഹ മാധ്യമങ്ങളിലും തരംഗം സൃഷ്ടിക്കുകയാണ്. സാമിന്റെ ഫെയ്‌സ്ബുക്ക് ഫ്രണ്ടും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ അംഗവുമായ ആര്യ കവിത ആലപിച്ച് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം വീഡിയോ കണ്ടത് 80000 ത്തോളം ആളുകള്‍. ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെ ആയിരത്തോളം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. വിപ്ലവത്തിന്റെ വീര്യം നെഞ്ചിലേറ്റിയ സഖാവിനോട് തോന്നിയ പ്രണയം പെണ്‍കുട്ടി പറയുന്ന രീതിയിലാണ് വരികള്‍. ‘പ്രേമമായിരുന്നെന്നും സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാന്‍, വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടാം’. കവിത തരംഗമായതോടെ വരികളിലെ പ്രണയാതുരതയേയും കാല്‍പ്പനികതകേയും വിമര്‍ശിച്ച് വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും സമീപകാലത്ത് ഏറ്റവുമധികം കാണുകയും ഷെയര്‍ ചെയ്യപ്പെട്ടുകയും ചെയ്ത വീഡിയോകളില്‍ ഒന്നായി മാറുകയാണ് സഖാവ് എന്ന കവിത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല