സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണം, ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര് പിടിയില്‍. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വംശജന് ഹസന്ത് കരീം, താഹ്മിദ് ഹസീബ് ഖാന് എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് ഇരുവരെയും ബംഗ്ലാദേശ് പോലീസ് പിടികൂടിയത്.
ധാക്ക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞമാസം ഒന്നിന് ധാക്കയിലെ നയതന്ത്രമേഖലയ്ക്കു സമീപം റസ്റ്ററന്റില്‍ നടത്തിയ ആക്രമണത്തില്‍ 22 പേരാണു കൊല്ലപ്പെട്ടത്. പിറ്റേന്നു പുലര്‍ച്ചെ വരെ നീണ്ട കമാന്‍ഡോ ഓപ്പറേഷനില്‍ ആറ് ഭീകരെ വധിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തെങ്കിലും ജമാ അതുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന സംഘടനയാണ് ആക്രമണം നടത്തിയെന്നാണു സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍, ആക്രമണം നടന്ന ദിവസം കരീമിനെ ആക്രമികള്‍ മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നുവെന്നും മകളുടെ പിറന്നാള്‍ ആഘോഷത്തിനാണ് ആക്രമണം നടന്ന ദിവസം കരീം കഫേയില്‍ എത്തിയതെന്നും കരീമിന്റെ ബന്ധുക്കള്‍ പറഞ്ഞു. ധാക്കയില്‍ വെച്ച് അറസ്റ്റിലായ കരീമിനെ അന്യായമായാണ് തടവില്‍ വെച്ചിരിക്കുന്നതെന്നും ഇയാള്‍ക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ ഉടന്‍ പുറത്തുവിടണമെന്നും ബ്രിട്ടനിലുള്ള അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പ്രതികരിച്ചു. പിടിയിലായവരെ കാണാന്‍ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്ന് ബ്രിട്ടീഷ് ഹൈകമീഷണറും കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല