സ്വന്തം ലേഖകന്‍: ലോക കായിക മാമാങ്കത്തിന് റിയോ ഡെ ജനീറോ ഒരുങ്ങി, ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആവേശകരമായ തുടക്കം. റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പാരമ്പര്യത്തിന്റെ വിസ്മയ പ്രദര്‍ശനം കൂടിയായി.
ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ മാറക്കാനയെ അത്ഭുതപ്പെടുത്തിയ സംഘാടകര്‍ റിയോ ഡി ജനീറോയുടെ കായിക സംസ്കാരവും രാജ്യത്തിന്റെ അഭിമാനമായ മഴക്കാടുകളും പോര്‍ച്ചുഗീസ് കടന്നുവരവ് മുതലുള്ള ബ്രസീലിന്റെ ചരിത്രവും മാറ്റങ്ങളും കാര്‍ഷിക വൃത്തിയും വേദിയില്‍ അവതരിപ്പിച്ചു. ബ്രസീലിയന്‍ ഗായകന് പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയില്‍ ആവേശമുയര്‍ന്നു.
വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീഡിയില്‍ വിരിഞ്ഞ സാംബാ താളങ്ങള്‍ക്കൊടുവില്‍ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുകള്‍ക്ക് ആരംഭമായി. പോര്‍ച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തില്‍ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് അര്‍ജന്റീന , അഫ്ഗാനിസ്ഥാന്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മാര്‍ച്ചിനെത്തി.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇതാദ്യമായി നടക്കുന്ന ഒളിമ്പിക്സില്‍ 206 രാജ്യങ്ങളില്‍നിന്നുള്ള 10,500 ലേറെ താരങ്ങളാണ് മാറ്റുരക്കുക. 28 കളികളിലെ 42 ഇനങ്ങളില്‍ 306 സ്വര്‍ണമെഡലുകളാണ് ലോക വിജയികളെ കാത്തിരിക്കുന്നത്. ഫുട്ബാള്‍ മത്സരങ്ങള്‍ രണ്ടു ദിവസം മുമ്പ് ആരംഭിച്ചു കഴിഞ്ഞു. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച അമ്പെയ്ത്ത് മാത്രമാണ് നടക്കുക.
ശനിയാഴ്ച മുതല്‍ മിക്ക കളിക്കളങ്ങളും സജീവമാകും. ദക്ഷിണ സുഡാനും കൊസോവോയും ഒളിമ്പിക്സില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ റഗ്ബി സെവന്‍സും ഗോള്‍ഫും ദശകങ്ങളുടെ ഇടവേളക്കുശേഷം ഒളിമ്പിക്സ് വേദിയിലേക്ക് തിരിച്ചുവരുന്നു എന്നതും പ്രത്യേകതകളാണ്. 118 അംഗങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ റിയോ ഒളിമ്പിക്സിന് അയച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല