സ്വന്തം ലേഖകന്‍: ഹിരോഷിമ ആറ്റംബോംബ് ദുരന്തത്തിന് 71 വയസ്, മനുഷ്യക്കുരുതിയുടെ ഓര്‍മകളുമായി ജപ്പാനും ലോകവും. ലോക ചരിത്രത്തിലാദ്യമായി അണുബോംബ് വര്‍ഷിച്ചതിന്റെ എഴുപത്തിയൊന്നാം വാര്‍ഷികമാണിന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. മനുഷ്യചരിത്രത്തിലെ എക്കാലത്തേയും ദുരന്തമായ അണുബോംബ് സ്‌ഫോടനത്തില്‍ പത്തു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്റെ ദോഷഫലങ്ങള്‍ പിന്നീടുള്ള തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു. ഒരു ജനതയെ നിശ്ശേഷം നശിപ്പിച്ച ആ ആക്രമണത്തോടെ അമേരിക്ക ലോകത്തിന്റെ പോലീസ് എന്ന പദവി നേടുകയും ചെയ്തു. എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് വര്‍ഷിച്ചത്.
70,000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതുമൂലമുണ്ടായ റേഡിയേഷന്‍ മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിക്കുകയും അതിലുമധികം ആളുകള്‍ക്ക് വിവിധ വൈകല്യങ്ങള്‍ ബാധിക്കുകയും ചെയ്തു.മൂന്നു ദിവസത്തിനുശേഷം ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. ആഗസ്റ്റ് 15 ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകയുദ്ധത്തിന് അവസാനമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല