സ്വന്തം ലേഖകന്‍: സിറിയയില്‍ ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്, അന്തിമ പോരാട്ടത്തിന് ഒരുങ്ങി സര്‍ക്കാരും വിമതരും. തന്ത്രപ്രധാനമായ അലപ്പൊ സൈനികത്താവളം പിടിക്കാന്‍, സര്‍ക്കാറും സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങളുടെ കൂട്ടായ്മയായ ജയ്ശുല്‍ ഫത്ഹും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.
അലപ്പൊയുടെ വടക്കന്‍ ഭാഗത്തുള്ള സൈനികത്താവളത്തിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ പിടിച്ചെടുത്തതായി ജയ്ശുല്‍ ഫത്ഹ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. രണ്ട് ചാവേറുകള്‍ താവളത്തിനകത്തേക്ക് കടന്നതായും നൂറുകണക്കിന് പോരാളികള്‍ താവളത്തിന് മീറ്ററുകള്‍ ദൂരെവെച്ച് സൈന്യവുമായി ഏറ്റുമുട്ടിയതായും വിമതരുടെ ഭാഗമായ അഹ്‌റാര്‍ അല്‍ ശാം അറിയിച്ചു.
വിമതര്‍ക്കെതിരായ ആക്രമണത്തിന് സൈന്യം പ്രധാനമായി ആശ്രയിക്കുന്ന സൈനികത്താവളമാണിത്. എന്നാല്‍, അവകാശവാദം സിറിയന്‍ സര്‍ക്കാര്‍ തള്ളി. സൈന്യത്തിന്റെ തിരിച്ചടിയില്‍ വിമതരെ തുരത്തിയതായും നൂറിലധികം വിമത സൈനികര്‍ കൊല്ലപ്പെട്ടെന്നും സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനികത്താവളം ആക്രമിച്ചതായി കഴിഞ്ഞ ദിവസം വിമതര്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പരസ്പരം നിരാകരിക്കുന്ന പ്രസ്താവനകളുമായി ഇരുകക്ഷികളും രംഗത്തുവന്നത്. വിമതര്‍ അലപ്പൊ സൈനികത്താവളത്തിന്റെ ഏതാനും ഭാഗം പിടിച്ചെടുത്തെങ്കിലും സൈന്യം ഇവര്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയിട്ടുള്ളതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് (എസ്.ഒ.എച്ച്.ആര്‍) തലവന്‍ റാമി അബ്ദില്‍ റഹ്മാനും പറഞ്ഞു.
2011ല്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെതിരെ തുടങ്ങിയ പ്രതിഷേധം രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു. 2012 മുതല്‍ അലപ്പൊയുടെ കിഴക്കു ഭാഗം വിമതരുടെ നിയന്ത്രണത്തിലാണ്. ഇതിനോട് ചേര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങള്‍ പിടിച്ചെടുക്കാനാണ് ഒരാഴ്ച മുമ്പ് വിമതര്‍ ആക്രമണം ശക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല