സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് ഹോക്കി, ശ്രീജേഷിനും സംഘത്തിനും വിജയത്തുടക്കം. കടുത്ത മത്സരത്തിന് ഒടുവില്‍, ദുര്‍ബലരായ അയര്‍ലന്‍ഡ് അവസാന നിമിഷം വരെ വിറപ്പിച്ചശേഷം കീഴടങ്ങിയപ്പോള്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ ജയിച്ചുകയറിയത് 32ന്.
അവസാനഘട്ടത്തിലെ അയര്‍ലന്‍ഡിന്റെ രണ്ടാം ഗോളും വിഡിയോ
റഫറലുമെല്ലാമായി നാടകീയമായിത്തീര്‍ന്ന മത്സരത്തില്‍ രണ്ടു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ രണ്ടു വട്ടം ഗോള്‍ വഴങ്ങിയത്. പെനാല്‍റ്റി കോര്‍ണറുകളില്‍നിന്നായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും. രൂപീന്ദര്‍പാല്‍ സിങ് രണ്ടുവട്ടം എതിര്‍ ഗോളിയെ കീഴടക്കിയപ്പോള്‍ രഘുനാഥും ലക്ഷ്യം കണ്ടു. ജെര്‍മെയ്ന്‍ ജോണ്‍, കോണോര്‍ ഹാര്‍ട്ടെ എന്നിവരാണ് അയര്‍ലന്‍ഡിനായി ഗോളുകള്‍ നേടിയത്.
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്ണറപ്പ് നേട്ടവും സമീപകാലത്തെ മികച്ച ഫോമും ലോക അഞ്ചാം നമ്പര്‍ സ്ഥാനമെന്ന പെരുമയുമായി റിയോയില്‍ ഇറങ്ങിയ നീലപ്പട കരുതലോടെയാണ് തുടങ്ങിയത്. മുമ്പ് ആറുവട്ടം ഏറ്റുമുട്ടിയപ്പോള്‍ ഒരുതവണ തങ്ങളെ കീഴടക്കിയിട്ടുള്ള ഐറിഷുകാരുടെ ശക്തി ദൗര്‍ബല്യങ്ങള്‍ ശരിക്കും പഠിച്ചാണ് ഇന്ത്യ ഇറങ്ങിയത്.
ഗ്രൂപ് ബിയില്‍ ഇന്ത്യയുടെ അടുത്ത മത്സരം തിങ്കളാഴ്ച കരുത്തരായ ജര്‍മനിയുമായാണ്. ചൊവ്വാഴ്ച അര്‍ജന്റീന, വ്യാഴാഴ്ച നെതര്‍ലന്‍ഡ്‌സ്, വെള്ളിയാഴ്ച കാനഡ എന്നിവരുമായാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍. ആറു ടീമുകളുള്ള ഗ്രൂപ്പില്‍നിന്ന് ആദ്യ നാലു സ്ഥാനങ്ങളിലത്തെുന്നവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല