സ്വന്തം ലേഖകന്‍: ‘സഖാവ്’ കവിതക്ക് പുതിയ അവകാശി, സമൂഹ മാധ്യമങ്ങള്‍ എറ്റെടുത്ത കവിത മോഷണ വിവാദത്തില്‍. കോട്ടയം സിഎംഎസ് കോളേജ് വിദ്യാര്‍ഥി സാം മാത്യൂ രചിച്ചതെന്ന പേരില്‍ ആര്യ ദയാല്‍ ആലപിച്ച സഖാവ് കവിത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ തരംഗമായിരുന്നു. എന്നാല്‍ കവിത എന്റേതെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രതീക്ഷ ശിവദാസ് എന്ന പെണ്‍കുട്ടി രംഗത്തെത്തി. കവിതയെ പുകഴ്ത്തിയും പരിഹസിച്ചും വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് കവിതയുടെ രചയിതാവെന്നു പറയപ്പെടുന്നായാള്‍ തന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചതാണെന്ന അവകാശവുമായി പ്രതീക്ഷ ശിവദാസ് രംഗത്തെത്തിയിരിക്കുന്നത്. 2013ല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ എഴുതി എസ്എഫ്ഐയുടെ മുഖമാസികയ്ക്ക് താന്‍ അയച്ചുകൊടുത്തതാണ് സഖാവ് എന്ന കവിത. അത് എങ്ങനെ സാം മാത്യുവിന്റെ കവിതയാകുമെന്നും പ്രതീക്ഷ ചോദിക്കുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനും ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിയുമായിരുന്ന നിഖിലിന്റെ സഹോദരിയായ പ്രതീക്ഷ 2013ല്‍ എഴുതിയ കവിതയാണ് സഖാവ് എന്നാണ് വെളിപ്പെടുത്തല്‍. സഹോദരന്റെ സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രസംഗങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എഴുതിയ കവിത പ്രതീക്ഷ എസ്എഫ്ഐയുടെ മുഖമാസികയായ സ്റ്റുഡന്റിന് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ആ കവിത സ്റ്റുഡന്റില്‍ പ്രസിദ്ധീകരിച്ചില്ല. തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥിയായ സാംമാത്യുവിന്റെ പേരില്‍ കവിത കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെടുകയായിരുന്നുവെന്നും പ്രതീക്ഷ ആരോപിക്കുന്നു. എന്നാല്‍, കവിത തന്റേത് എന്നുള്ളതിന് അച്ചടിക്കപ്പെട്ട തെളിവുകളൊന്നും കയ്യില്‍ ഇല്ലെന്നും തന്നെയറിയുന്ന ഒരുകൂട്ടമാളുകള്‍ക്കു മാത്രമേ ഈ സത്യം അറിയുകയുള്ളുവെന്നും പ്രതീക്ഷ പറയുന്നു. വ്യക്തമായ തെളിവുകളെ മാത്രം അംഗീകരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യനെ വേണ്ടിവന്നാല്‍ പച്ചയ്ക്ക് കീറിമുറിച്ചുപോലും ആനന്ദം കണ്ടെത്തുന്ന സോഷ്യല്‍മീഡിയയില്‍ കെട്ടിയാഘോഷിക്കാനുള്ള കേന്ദ്രബിന്ദുവാകാന്‍ താല്പര്യമില്ലെന്നും പ്രതീക്ഷ പോസ്റ്റിലൂടെ പറയുന്നുണ്ട്. സത്യം ഒരിക്കലും നുണയല്ലെന്നും സത്യത്തെ എത്രത്തോളം ഇരുട്ടിലേക്ക് തള്ളിയിട്ടാലും അത് തിരികെ വരിക തന്നെ ചെയ്യുമെന്നും പ്രസ്താവിച്ചുകൊണ്ടാണ് പ്രതീക്ഷ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ഒരിക്കല്‍ കാലത്തിന്റെ ചവറ്റുകുട്ടയില്‍ വലിച്ചെറിയപ്പെടുക തന്നെ ചെയ്യുമെന്ന വിമര്‍ശനത്തോടെ സാമിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല