സ്വന്തം ലേഖകന്‍: യുഡിഎഫില്‍ പൊട്ടിത്തെറി, കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടു. യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച സാഹചര്യത്തില്‍ നിയമസഭയില്‍ മാണി ഗ്രൂപ്പ് പ്രത്യേക ബ്ലോക്കായി ഇരിക്കും. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസുമായുള്ള സഹകരണം തുടരും. കേന്ദ്രത്തില്‍ യു.പി.എ ബന്ധം തുടരും. പ്രശ്‌നാധിഷ്ടിത പിന്തുണയാകും യു.പി.എയ്ക്ക് നല്‍കുക.
കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടിയെയും പാര്‍ട്ടി ലീഡറെയും കടന്നാക്രമിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുവെന്ന് മാണി ആരോപിച്ചു. പാര്‍ട്ടിയുടെ ആത്മാഭിമാനവും കര്‍ഷക താല്‍പ്പര്യവും സംരക്ഷിക്കുന്നതിനുമാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി ബന്ധത്തില്‍ പാലിക്കേണ്ട രാഷ്ട്രീയ മര്യാദയില്ലാതെ നീതി ബോധത്തിന് വിരുദ്ധമായ നടപടികള്‍ മൂലമാണ് മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുന്നണിക്ക് ആത്മപരിശോധനക്കും സ്വയം വിമര്‍ശനത്തിനും ഈ തീരുമാനം സഹായിക്കുമെന്ന് കരുതുന്നുവെന്നും മാണി പറഞ്ഞു.
ഒരു വീടായാല്‍ മനസമാധാനം അനിവാര്യമാണ്. എന്നും വഴക്കും ബഹളവുമായാല്‍ മനസുഖം ഉണ്ടാകില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലെ ചില വ്യക്തികളാണ് പ്രശ്‌നക്കാര്‍. എന്നാല്‍, ആരുടെയും കാര്യത്തില്‍ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ കുറിച്ചാണ് താന്‍ പറയുന്നതെന്നും മാണി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല