സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടിയെന്ന ബഹുമതി നേടിയ ഇന്ത്യന്‍ പെണ്‍കുട്ടി റിയയുടെ കഥ. thelytokous, eleemsoynary, കേള്‍ക്കുമ്പോള്‍ തന്നെ ആരും നെറ്റിചുളിക്കുന്ന ഈ ഇംഗ്ലീഷ് വാക്കുകള്‍ അനായാസം ഉച്ചരിച്ചാണ് ഇന്ത്യക്കാരിയായ റിയ ബ്രിട്ടനിലെ പ്രമുഖ ടെലിവിഷന്‍ ക്വിസായ ചാനല്‍ ഫോറിലെ ചൈല്‍ഡ് ജീനിയസില്‍ ജേതാവായത്.
എന്നാല്‍ മത്സരത്തിനിടെ റിയയുടെ അമ്മ വിധികര്‍ത്താവിനെ ചോദ്യം ചെയ്തു നേടിക്കൊടുത്ത പോയിന്റിന്റെ ബലത്തിലാണ് ലണ്ടന്‍ നിവാസിയായ ഈ പത്തുവയസുകാരി ചൈല്‍ഡ് ജീനിയസ് 2016 ട്രോഫി ഉറപ്പിച്ചത്. അമ്മ സൊനാലിന്റെ ഇടപെടല്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു.
ഭാഷാപണ്ഡിതരെ പോലും കുഴയ്ക്കുന്ന വാക്കുകള്‍ ഉച്ചരിച്ചും ഫ്ളോറന്‍സ് നൈറ്റിന്‍ഗേലിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞുമാണ് അവസാനറൗണ്ടില്‍ റിയ ഒന്നാമതെത്തിയത്. 12 വയസുള്ള സ്റ്റീഫനും ഒമ്പതുവയസുകാരിയായ സാഫിയുമായിരുന്നു ഫൈനലിലെ എതിരാളികള്‍.
മത്സരത്തിനിടക്ക് ഒരു റൗണ്ടില്‍ റിയയുടെ ഉത്തരം തെറ്റാണെന്ന് വിധികര്‍ത്താക്കള്‍ പ്രഖ്യാപിക്കുകയും പിന്നാലെ ശരിയാണെന്ന വാദവുമായി അമ്മ സൊനാല്‍ രംഗത്തുവരികയും ചെയ്തിരുന്നു. ആരോപണം തെളിഞ്ഞതോടെ റിയയ്ക്ക് ഒരു പോയിന്റ് കൂടി നേടാനായി.
മത്സരത്തിനിടെ മകളുടെ പോയിന്റ് നഷ്ടപ്പെടുമ്പോള്‍ ക്ഷോഭിക്കുകയും പിന്നീട് വിധികര്‍ത്താവിനെ വിമര്‍ശിക്കുകയും ചെയ്ത അമ്മ സൊനാലിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. മത്സരങ്ങളെ അതിന്റെ ലാഘവത്തിലെടുക്കാത്ത ഇതുപോലെയുള്ള മാതാപിതാക്കള്‍ മക്കളെ മാനസികസമ്മര്ദത്തിലാക്കുന്നുവെന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്.
വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സൊനാല്‍ മകളെ പഠിപ്പിക്കുന്നതിനായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അമേരിക്കയില്‍ നിന്ന് ആറുവര്‍ഷം മുമ്പ് ലണ്ടനിലെത്തിയ അനീഷ്സൊനാല് ദമ്പതിമാരുടെ മൂത്തമകളാണ് റിയ. ഓക്സ്ഫോഡിലോ കേംബ്രിഡ്ജിലോ ചേര്‍ന്ന് പഠിക്കണമെന്നും ഡോക്ടറാകണമെന്നുമാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല