സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിനു പിന്നില്‍ വിനോദ സഞ്ചാരികളായെത്തിയ റുമാനിയന്‍ യുവാക്കള്‍. ക്രിസ്ത്യന്‍ വിക്ടര്‍, ഇലി, ഫ്‌ളോറിക് എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. തിരുവനന്തപുരം തമ്പാനൂരില്‍ ഇവര്‍ താമസിച്ച ഹോട്ടലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ എന്ന വ്യാജേനയാണ് ഇവര്‍ ഹോട്ടലില്‍ താമസിച്ചത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ റുമേനിയന്‍ ക്രയോവാ സ്വദേശി ഗബ്രിയേല്‍ മരിയനെ ചൊവ്വാഴ്ച മുംബൈകേരള പൊലീസിന്റെ സംയുക്ത സംഘം പിടികൂടി. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ മുംബൈയിലെ സ്റ്റേഷന്‍ പ്‌ളാസയിലെ എ.ടി.എം കൗണ്ടറില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.കൂട്ടാളികളായ മറ്റ് രണ്ടുപേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.
ഇലി എന്നയാളാണ് ആദ്യം ഹോട്ടലില്‍ എത്തിയതെന്ന് സംഘം താമസിച്ച ഹോട്ടലിന്റെ മാനേജര്‍ ഉണ്ണിപിള്ള പറഞ്ഞു. വൈകിട്ടോടെ മറ്റൊരാള്‍ കൂടി എത്തി. പിന്നീടാണ് മൂന്നാമത്തെയാള്‍ എത്തിയത്. ജൂലായ് എട്ടിന് വന്ന ഇവര്‍ 12ന് മടങ്ങിപ്പോയി. കോവളത്ത് സുഹൃത്തുക്കള്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. ഒരു ദിവസം വന്നപ്പോള്‍ മൂന്ന് ഹെല്‍മറ്റുകളും കൊണ്ടുവന്നു. എന്നാല്‍ ഇത് മടക്കികൊണ്ടുപോയില്ല. ഇവര്‍ പുറത്തുപോകുമ്പോള്‍ വാനിറ്റി ബാഗ് ഒഴികെ മറ്റ് ബാഗുകള്‍ ഒന്നും പുറത്തുകൊണ്ടുപോയിരുന്നില്ല. എ.ടി.എം സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കണ്ടാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും മാനേജര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ തലസ്ഥാനത്ത് തമ്പടിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സ്റ്റാച്യൂവിലുള്ള രണ്ട് ഹോട്ടലുകളിലും ഇവര്‍ താമസിച്ചിരുന്നു. ഈ ഹോട്ടലിലെ വിലാസം ഉപയോഗിച്ചാണ് രണ്ട് ബൈക്കുകള്‍ ഇവര്‍ കോവളത്തുനിന്ന് വാടകയ്ക്ക് എടുത്തത്. ഇതുപയോഗിച്ചാണ് മോഷണം നടത്തിയത്. ഈ ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തലസ്ഥാനത്തെ എടിഎമ്മുകളില്‍ സിനിമാ സ്‌റ്റൈലിലാണ് തട്ടിപ്പ് നടത്തി അക്കൗണ്ടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. അമ്പതോളം ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല