സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ദിവ്യബലിക്കിടെ പുരോഹിതന്റെ തലയറുത്തു കൊന്ന ഭീകരന്റെ മൃതദേഹം സംസ്ക്കരിക്കാന്‍ ആളില്ല. മൃതദേഹം ആരു സംസ്ക്കരിക്കണം എന്ന് രണ്ടു നഗരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മൃതദേഹം മറവു ചെയ്യാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായത്. സെന്റ് എറ്റിനിയില് ദിവസങ്ങള്‍ക്ക് മുമ്പ് ക്രിസ്തീയ പുരോഹിതന് ജാക്വസ് ഹമല്‍ എന്ന 85 കാരന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ഭീകരന് അബ്ദല്‍ മാലിക് പെറ്റീജന്റെ മൃതദേഹമാണ് രണ്ടാഴ്ചയായിട്ടും മറവ് ചെയ്യാതെ കിടക്കുന്നത്.
കൂട്ടുകാരനും തീവ്രവാദിയുമായ അദെല്‍ കെര്മീകേയ്ക്കൊപ്പം പെറ്റീജനെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. രണ്ടാഴ്ചയായിട്ടും ആര്‍ക്കും താല്പ്പര്യമില്ലാത്തതിനാല് പെറ്റീജന്റെ മൃതദേഹം മറവ് ചെയ്തിട്ടില്ല. ജന്മ സ്ഥലമായ സെയ്ന്റ് ഡീ ഡെസ് വോസ്ഗസിലെ മേയറും ഇയാള്‍ നാലു വര്‍ഷമായി താമസിക്കുന്ന മോണ്ട്ലൂകനിലെ മേയറും തങ്ങളുടെ നഗരങ്ങളില്‍ മൃതദേഹം മറവ് ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. അതേസമയം ഇയാള്‍ക്കൊപ്പം കൊല്ലപ്പെട്ട മറ്റൊരു ഭീകരന് അഡല്‍ കെര്മീഷേയുടെ മൃതദേഹം മരണസമയത്ത് അയാള്‍ ജീവിച്ചിരുന്ന സെന്റ് എറ്റിനി ഡു റൗറേയില് തന്നെ സംസ്ക്കരിക്കും.
ഇവിടുത്തെ മുസ്ലീങ്ങള്‍ക്കും പെറ്റീജനോട് താല്‍പ്പര്യമില്ല. മരിച്ചു കഴിഞ്ഞും ‘വൃത്തികെട്ട ഇസ്ലാം’ എന്നാണ് പ്രാദേശിക ഇമാമുകള്‍ പോലും പെറ്റീജനെ വിശേഷിപ്പിക്കുന്നത്. അതേസമയം ഫ്രഞ്ച് മേയര്‍മാര്‍ക്കുള്ള നിയമ പ്രകാരം നാലു വര്‍ഷമായി പെറ്റീജന്റെ കുടുംബം താമസിക്കുന്ന മോണ്ട് ലൂക്കണില് തന്നെ വേണം മൃതദേഹം മറവ് ചെയ്യേണ്ടതെങ്കിലും അവര്‍ ഇക്കാര്യം നിഷേധിക്കുകയാണ്. സെയ്ന്റ് ഡി ഡെസ് വൊസ്ഗാസും ഇത് നിഷേധിക്കുന്നു. ഏതെങ്കിലും മേയര്‍ ഇക്കാര്യത്തിന് മുന്കൈയ്യെടുക്കണമെന്നാണെങ്കിലും അത് പിന്നീട് ഒരു കുടീരമായി മാറുമോ എന്നാണ് രണ്ടു മേയര്‍മാരും ഭയക്കുന്നതെന്നാണ് വിവരം.
ഇസ്ലാമിക് സ്റ്റേ് തീവ്രവാദ സംഘടന ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തില്‍ ആറു പേരെ ബന്ദികളാക്കിയ പെറ്റീജന് പുരോഹിതന് ഹമലിനോട് മുട്ടുകുത്താന്‍ ആവശ്യപ്പെട്ടു. ഇതിന് മാറി നില്ക്ക് സാത്താനെ എന്ന് പുരോഹിതന് ആക്രോശിച്ചതിന്റെ കോപത്തിലായിരുന്നു തലയറുത്ത് കൊന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല